KERALA

സർവകലാശാല ധനകാര്യ കമ്മീഷൻ്റെ ചെലവ് വഹിക്കണമെന്ന ഉത്തരവ്; തീരുമാനം സർക്കാരിൻ്റേതെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർപേഴ്‌സൺ

സർക്കാർ തീരുമാനം സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന സർവകലാശാലകളുടെ ആശങ്കയ്ക്കിടെയാണ് വൈസ് ചെയർമാൻ്റെ പ്രതികരണം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ധനകാര്യ കമ്മീഷൻ്റെ ചെലവ് സർവകലാശാലകൾ വഹിക്കണമെന്ന തീരുമാനം സർക്കാരിൻ്റെതാണെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർപേഴ്സൺ ഡോ. അച്യുത്‌ ശങ്കർ എസ്. കമ്മീഷൻ അംഗങ്ങളെ തീരുമാനിച്ചത് സർക്കാരാണെന്നും, സാമ്പത്തിക പ്രതിസന്ധി മാത്രം പഠിക്കാൻ അല്ല കമ്മീഷൻ എന്നും അച്യുത്‌ ശങ്കർ ന്യൂസ് മലയാളത്തോട് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ കൗൺസിലിൻ്റെ നിർദേശപ്രകാരമുള്ള സർക്കാർ തീരുമാനം സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന സർവകലാശാലകളുടെ ആശങ്കയ്ക്കിടെയാണ് വൈസ് ചെയർമാൻ്റെ പ്രതികരണം.

സംസ്ഥാനത്തെ സർവകലാശാലകളിലെ സാമ്പത്തിക പ്രതിസന്ധിയും മറ്റു വിഷയങ്ങളും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി കഴിഞ്ഞ ദിവസമാണ് നാലംഗ ധനകാര്യ കമ്മീഷനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയത്. കമ്മീഷൻ്റെ പ്രവർത്തനത്തിനുള്ള ചെലവുകൾ സർവകലാശാലകൾ വഹിക്കണമെന്നും ഉത്തരവിലുണ്ട്. ഇതിനുപിന്നാലെ സർക്കാർ തീരുമാനത്തിൽ സർവകലാശാലകൾ കടുത്ത അതൃപ്തി അറിയിച്ചിരുന്നു.

കൗൺസിൽ നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ധനകാര്യ കമ്മീഷൻ മുൻ അധ്യക്ഷൻ ബി.എ. പ്രകാശ് ചെയർപേഴ്സണായ നാലം​ഗ കമ്മീഷനെ നിയോ​ഗിച്ച് സർക്കാർ ഉത്തരവിറക്കിയത്. കമ്മീഷൻ പ്രവർത്തനങ്ങൾക്കായി 2 ലക്ഷം രൂപ സർവകലാശാലകൾ മുൻകൂറായും അംഗങ്ങൾക്ക് 5,000 രൂപ പ്രതിദിന ഓണറേറിയമായും നൽകണം. സർക്കാരിൻ്റെ മാത്രം താൽപ്പര്യപ്രകാരമാണ് ഉത്തരവെന്നും, നിർദേശങ്ങൾ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും ആരോപിച്ച് സർവകലാശാലകൾ രംഗത്തെത്തിയിരുന്നു .

SCROLL FOR NEXT