കോഴിക്കോട്: കോഴിക്കോട് ജയലക്ഷ്മി സിൽസ്കിൽ വൻ തീപിടിത്തം. ഷോറൂമിൻ്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലയിലാണ് തീപിടിത്തം ഉണ്ടായത്. മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സെത്തി തീയണയ്ക്കാൻ ശ്രമം തുടരുകയാണ്.
തീപിടിത്തമുണ്ടായതിന് പിന്നാലെ ജീവനക്കാരും കടയിലുണ്ടായിരുന്നവരും കടയിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.
രണ്ട് നിലകളിൽ പടർന്ന തീ മറ്റ് നിലകളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ഫയർ ഫോഴ്സ് . തീ പിടിത്തമുണ്ടായ ഉടൻ ഷോറൂമിലെ ഫയർ യൂണിറ്റുകൾ പ്രവർത്തന സജ്ജമായിരുന്നുവെങ്കിലും തീ നിയന്ത്രണ വിധേയമാക്കാൻ കഴിയാത്തതോടെയാണ് ഫയർ ഫോഴ്സിനെ വിവരമറിയിച്ചത്. ഫയർ ഫോഴ്സിനൊപ്പം നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമത്തിൽ പങ്കു ചേർന്നിട്ടുണ്ട്. തീ പടരുന്നതിനൊപ്പം പ്രദേശമാകെ കറുത്ത പുകയും വ്യാപിച്ചിരിക്കുകയാണ്.