KERALA

തൃശൂർ വെടിക്കെട്ട് ദുരന്തത്തിൽ 13 മരണം; അഞ്ച് പേർ ഗുരുതരാവസ്ഥയിൽ, അനുശോചിച്ച് പ്രധാനമന്ത്രി

അഞ്ച് മൃതദേഹങ്ങളും മൂന്ന് പേരുടെ ശരീര ഭാഗങ്ങളും ലഭിച്ചു.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: മുണ്ടത്തിക്കോട് അഞ്ചോളം വെടിക്കെട്ട് പുരകളിൽ ഉണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ഇതുവരെ അഞ്ച് മൃതദേഹങ്ങളും മൂന്നു പേരുടെ ശരീര ഭാഗങ്ങളും ലഭിച്ചു. 23 പേർ പൊള്ളലേറ്റ് ചികിത്സയിലാണ് എന്നാണ് റിപ്പോർട്ട്. പരിക്കേറ്റ അഞ്ച് പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. 17 പേർക്ക് ചെറിയ തോതിൽ പൊള്ളലേറ്റുള്ള പരിക്കുകളുമുണ്ട്.

തൃശൂർ പടക്കപ്പുരയിലുണ്ടായ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖപ്പെടട്ടെയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

അപകടത്തിന് പിന്നാലെ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ദുരന്തവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി 8075011850 എന്ന നമ്പറിൽ ബന്ധപ്പെടാം. അടിയന്തര സഹായമായി സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുക അടിയന്തരമായി തൃശൂർ ജില്ലാ കളക്ടർക്ക് റിലീസ് ചെയ്യുന്നതിന് ദുരന്ത നിവാരണ വകുപ്പ് ഫിനാൻസ് ഓഫീസറെ ചുമലപ്പെടുത്തിയതായി അഡീഷണൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്. പ്രദേശത്ത് തുടർച്ചയായി സ്ഫോടനം ശബ്ദം കേൾക്കുകയും പുക ഉയരുന്നത് കാണുകയും ചെയ്തതോടെയാണ് നാട്ടുകാർ അപകടം മനസിലാക്കി ഓടിയെത്തിയത്.

സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാന്‍ നിര്‍ദേശം നല്‍കി. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തെത്താനും നിര്‍ദേശം നല്‍കി. ഈ അപകടം ഉണ്ടാകുന്നതിന് തൊട്ടു മുൻപായാണ് ന്യൂസ് മലയാളം റിപ്പോട്ടർ ഈ പ്രദേശത്ത് റിപ്പോർട്ട് ചെയ്ത് മടങ്ങിയത്.

നാൽപ്പതോളം പേരാണ് വെടിക്കെട്ട് പുരയിൽ ജോലി ചെയ്തിരുന്നത് എന്നാണ് വിവരം. സംഭവസ്ഥലത്ത് തുടർ സ്ഫോടനങ്ങൾ ഉണ്ടാകുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് ആളൊഴിഞ്ഞ പ്രദേശത്താണ് താൽക്കാലികമായ വെടിക്കെട്ടു പുര തയ്യാറാക്കിയിരുന്നത്. വലിയ അമിട്ടുകൾ ഉൾപ്പെടെ തൃശൂർ പൂരത്തിനായുള്ള വെടിക്കോപ്പുകൾ തയ്യാറാക്കി സൂക്ഷിച്ചിരുന്നത് ഇവിടെയാണ്. അതുകൊണ്ടു തന്നെ അപകടത്തിൻ്റെ വ്യാപ്തിയും വളരെ കൂടുതലാകാനാണ് സാധ്യത.

SCROLL FOR NEXT