തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ പി.എസ്.സി. മുൻ ഡെപ്യൂട്ടി സെക്രട്ടറി അറസ്റ്റിൽ. പി. സതീഷ് ആണ് അറസ്റ്റിലായത്. പരീക്ഷ വിഭാഗത്തിൻ്റെ ചുമതലയുണ്ടായിരുന്ന ഇയാളെ കഴിഞ്ഞ ദിവസമാണ് കേസിൽ പ്രതി ചേർത്തത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ശേഷമാണ് പ്രത്യേകസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. വിവാദ പരീക്ഷയുടെ മൂല്യ നിർണ്ണയ ചുമതല സതീഷിനായിരുന്നു. സതീഷ് കഴിഞ്ഞ വർഷം വിരമിക്കുകയും ചെയ്തിരുന്നു. അഡീഷണൽ സെക്രട്ടറി ഹരിയുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
കോഴിക്കോട് നിന്നാണ് പി. സതീഷിവെ അറസ്റ്റ് ചെയ്തത്.സതീഷടക്കം രണ്ട് ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇവരുടെ അറസ്റ്റ് നീണ്ടുപോവുകയായിരുന്നു. പിന്നാലെ പിഎസ്സിക്കും സർക്കാരിനും നേരെ കോടതി വലിയ വിമർശനം ഉന്നയിച്ചിരുന്നു.
കേസ് അന്വേഷണം തടയുന്ന തരത്തിൽ യാതൊരു നിലപാടും കോടതി എടുക്കാഞ്ഞിട്ടും എന്തുകൊണ്ടാണ് സർക്കാർ ഈ വിഷയത്തിൽ കൃത്യമായ നടപടിയിലേക്ക് കടക്കാത്തത് എന്നാണ് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ കോടതി ചേദിച്ചത്. കേസിൽ ഒത്തുകളി നടക്കുന്നതായും കോടതി വിമർശനം ഉന്നയിച്ചിരുന്നു. തുടർന്നാണ് മുൻ ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്തുകൊണ്ടുള്ള നടപടി ഉണ്ടായിരിക്കുന്നത്.
അതേസമയം, വിഷയത്തിൽ തട്ടിപ്പല്ല സാങ്കേതിക പിഴവാണ് സംഭവിച്ചത് എന്നായിരുന്നു സതീഷിന്റെയും അദ്ദേഹത്തിനൊപ്പം കുറ്റാരോപിതനായ ഉദ്യോഗസ്ഥന്റെയും നിലപാട്. ക്രൈംബ്രാഞ്ചിനും അവർ അത്തരത്തിലാണ് മൊഴി നൽകിയത്. എന്നാൽ ക്രമക്കേടിൽ ഇരുവർക്കും കൃത്യമായ പങ്കുണ്ട് എന്നതിന് ക്രൈംബ്രാഞ്ചിന്റെ പരിശോധനയിൽ തെളിവുകൾ ലഭിച്ചതായാണ് വിവരം.