പത്തനംതിട്ട കലഞ്ഞൂർ പൂമരുതിക്കുഴിയിൽ പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. പുലി ഓടിക്കയറിയ വീടിനോട് ചേർന്ന ഭാഗത്താണ് കൂട് സ്ഥാപിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടു കൂടിയാണ് കോന്നി കലഞ്ഞൂരിൽ പുലി വീട്ടിലേക്ക് ഓടിക്കയറിയത്. വളർത്തുനായ പിന്തുടർന്ന് എത്തിയ പുലിയാണ് സതീഷ് രേഷ്മ ദമ്പതികളുടെ വീട്ടിലേക്ക് ഓടിക്കയറിയത്.
ഈ സമയം രേഷ്മയും രണ്ട് ചെറിയ കുട്ടികളും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി പ്രദേശത്ത് ജാഗ്രത നിർദ്ദേശവും നൽകിയിരുന്നു. കോന്നി കൂടലിൽ ഞായറാഴ്ച കോഴിക്കൂട്ടിൽ നിന്നും കോഴിയെ പിടിച്ചുകൊണ്ടുപോയ പുലിയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.