KERALA

ഇ.ഡി എന്നോട് ഒന്നും ചോദിച്ചിട്ടില്ല.. ഒരുപാട് അക്കൗണ്ടില്ല, മരവിപ്പിച്ചത് വീണയുടെ ഒരു അക്കൗണ്ട്: പിണറായി വിജയൻ

മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലേജിക് കേസിലെ ഇ.ഡി റെയ്ഡിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇ.ഡി തന്നോട് ഒന്നും ചോദിച്ചിട്ടില്ലെന്നും അവിടെ ഉണ്ടായിരുന്നു എന്ന് മാത്രമേ ഉള്ളുവെന്നും പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. വീണയുടെ അക്കൗണ്ട് മരവിപ്പിച്ചു എന്നുള്ളത് ശരിയാണ്. എന്നാൽ പറയുന്നതുപോലെ ഒരുപാട് അക്കൗണ്ടില്ല. വീണയുടെ ഒരു അക്കൗണ്ടാണ് മരവിപ്പിച്ചതെന്നും പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി ഇതര പാർട്ടികൾക്ക് നേരെ കഠിനമായ നീക്കങ്ങളാണ് നടക്കുന്നതെന്നും പിണറായി പറഞ്ഞു. അതിൽ ഏറ്റവും വൃത്തികെട്ട രൂപത്തിൽ ഉപയോഗിക്കുന്നത് ഇ.ഡിയെയാണ്. കോൺഗ്രസിന് എതിരാകുമ്പോൾ മാത്രമാണ് അവർ ഇ.ഡിയെ പ്രതികരിക്കുക. കെജരിവാളിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് കോൺഗ്രസ് അന്ന് ചോദിച്ചത്. അറസ്റ്റ് ചെയ്തപ്പോൾ പടക്കവും പൊട്ടിച്ചു. ഇപ്പോഴും കോൺഗ്രസിന് മാറ്റമൊന്നും വന്നിട്ടില്ല. ഇ.ഡി റെയ്ഡിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.

അതേസമയം, സിഎംആർഎല്ലിൽ നിന്നും പിടിച്ചെടുത്ത ഡയറിയിൽ പേര് പരാമർശിക്കുന്നവർക്ക എതിരെ പ്രാഥമിക അന്വേഷണം തുടങ്ങി ഇഡി. യുഡിഎഫ് നേതാക്കൾക്കെതിരെയും അന്വേഷണം ഉണ്ടാകും. ക്രമക്കേടിലൂടെ നേടിയ പണമാണ് രാഷ്ട്രീയ പ്രവർത്തകർക്ക് നൽകിയതെന്നാണ് ഇഡി നിഗമനം. അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ എന്ന് ഹൈക്കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്. കേസിൽ അന്വേഷണം തുടരാൻ ആവശ്യമായ തെളിവുകൾ ലഭിച്ചെന്നാണ് ഇഡി അവകാശപ്പെടുന്നത്.

SCROLL FOR NEXT