ഇടുക്കി: സിപിഐഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിലേക്ക്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയതിന് ശേഷമാണ് തീരുമാനം. ദേവികുളം മുൻ എംഎൽഎയാണ് എസ്. രാജേന്ദ്രൻ. ജില്ലയുടെ പൊതുവായ വികസന കാര്യങ്ങൾ മുൻനിർത്തിയാണ് തീരുമാനം. ബിജെപി നേതാക്കളുടെ സൗകര്യാർഥം ഉടൻ മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി പ്രവേശനം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ. രാജയെ തോൽപിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചു പാർട്ടിയിൽനിന്നു രാജേന്ദ്രനെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് സിപിഐഎമ്മുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു എസ്. രാജേന്ദ്രൻ. ബിജെപി അംഗത്വമെടുത്താലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേവികുളം നിയോജകമണ്ഡലത്തിൽ നിന്ന് 2006, 2011, 2016 വർഷങ്ങളിൽ മൂന്ന് തവണ വിജയിച്ച മുൻ എംഎൽഎയെ ഒരു വർഷത്തേക്കായിരുന്നു സസ്‌പെൻഡ് ചെയ്തിരുന്നത്. മൂന്നാറിലെ തമിഴ് വോട്ടർമാർക്കിടയിലെ ശക്തമായ സാന്നിധ്യമാണ് രാജേന്ദ്രൻ. ഇടതു സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് എസ്. രാജേന്ദ്രനും ബിജെപിയിൽ ചേരുന്നത്.