കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡൻ്റ് എൻ. വാസു പുറത്തേക്ക്. കൊല്ലം വിജിലൻസ് കോടതിയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യ കാലയളവിൽ പത്തനംതിട്ടയിൽ പ്രവേശിക്കാൻ പാടില്ല. രണ്ട് ജാമ്യക്കാരും പണവും കെട്ടിവയ്ക്കണം എന്നാണ് ജാമ്യ വ്യവസ്ഥയിൽ പറയുന്നത്. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് വാസു ജാമ്യം തേടിയത്. കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയാണ് എൻ. വാസു.
എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയായിരുന്നു വാസുവിന്റെ ജാമ്യ നീക്കം. ജാമ്യ ഹര്‍ജിയിൽ വിവേചനം കാണിക്കാൻ പറ്റില്ലെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച ശേഷം കോടതി വ്യക്തമാക്കിയിരുന്നു. ഇതുവരെ നാലു പ്രതികളാണ് കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ മൂന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
തന്ത്രി കണ്ഠര് രാജീവരുടെ രണ്ട് കേസുകളിലും ഇന്നലെ വാദം പൂർത്തിയായിരുന്നു. തന്ത്രിക്കും ഭാര്യയ്ക്കും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ രണ്ട് കോടിയിലധികം രൂപയുടെ നിക്ഷേപമുണ്ടെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചത്. തന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബന്ധം ദൃഢമാണെന്നും എസ്ഐടി കോടതിയിൽ വാദിച്ചു. കേസിൽ ഈ മാസം 18നാണ് കോടതി വിധി പറയുക.