KERALA

"കിഫ്ബിയിൽ ബാക്കിയുള്ളത് പതിനായിരം കോടി"; മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് തിരുത്തി തോമസ് ഐസക്

ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി ആദ്യ പോസ്റ്റിന് മുഖ്യമന്ത്രി മറുപടി നൽകിയതിന് പിന്നാലെയാണ് ഐസക്ക് തിരുത്തിയത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കിഫ്ബിയിലെ മിച്ചമുള്ള തുക സംബന്ധിച്ച തർക്കത്തിൽ ഫേസ്ബുക്ക് പോസ്റ്റ് തിരുത്തി മുൻ ധനമന്ത്രി തോമസ് ഐസക്. മുപ്പതിനായിരം കോടിയോളം ബാക്കിയുണ്ടെന്ന ആദ്യ പോസ്റ്റിലെ വാചകം പതിനായിരം കോടിയിലധികം എന്നാക്കി തിരുത്തി. ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി ആദ്യ പോസ്റ്റിന് മുഖ്യമന്ത്രി മറുപടി നൽകിയതിന് പിന്നാലെയാണ് ഐസക്ക് തിരുത്തിയത്. കഴിഞ്ഞദിവസം കിഫ്ബി സമഗ്ര അവലോകനത്തിനായുള്ള കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് കിഫ്ബിയുടെ കൈവശം 30,000 കോടി പണമായും നിക്ഷേപമായും ഉണ്ടെന്ന് തോമസ് ഐസക് പറഞ്ഞത്. ഈ പണത്തിലാണ് സർക്കാരിന്റെ കണ്ണെന്നും ഐസക് പറഞ്ഞിരുന്നു.

പിന്നാലെ തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തി. കിഫ്ബിയുടെ വെബ്‌സൈറ്റിൽ ലഭ്യമായ ഓഡിറ്റ് രേഖകളിൽ നിന്ന് 2026 മാർച്ച് 31ലെ ആകെ നീക്കിയിരിപ്പ് 10,633 കോടി രൂപയാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഇതിൽ 4,128 കോടി രൂപ സർക്കാരിന്റെ തന്നെ ട്രഷറി കോർപ്പസ് ഫണ്ടാണ്. ഇത് കിഴിച്ചാൽ കിഫ്ബിയുടെ ആകെ നിക്ഷേപം 6,521 കോടി രൂപയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ഈ തുകയാണ് ഉണ്ടായിരുന്നത്. അതേസമയം കിഫ്ബിയുടെ കടബാധ്യത 32,000 കോടി രൂപയോളമാണ്. അങ്ങനെയെങ്കിൽ തോമസ് ഐസക് പറഞ്ഞ കിഫ്ബിയുടെ കൈവശമുള്ള 30,000 കോടി രൂപ 2026 മാർച്ച് 31 ആയപ്പോൾ എങ്ങനെയാണ് 6521 കോടി രൂപയായതെന്നും മുഖ്യമന്ത്രി ചോദിച്ചു. കിഫ്ബിയുടെ മുൻ ചെയർമാനും അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലും ഈ ചോദ്യത്തിന് മറുപടി പറയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

SCROLL FOR NEXT