KERALA

സിപിഐഎം മുന്‍ എംഎല്‍എയുടെ ഭീഷണി പ്രസംഗം; ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു

ഇടപെടല്‍ ഉറപ്പ് നല്‍കി രമേശ് ചെന്നിത്തലയും കെ. മുരളീധരനും

Author : ന്യൂസ് ഡെസ്ക്

കണ്ണൂര്‍ : ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗം നടത്തിയ സിപിഐഎം നേതാവും പയ്യന്നൂര്‍ മുന്‍ എംഎല്‍എയുമായ ടി.ഐ. മധുസൂദനനെതിരെ ഡിജിപിക്ക് പരാതി നല്‍കി. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസാണ് പരാതി നല്‍കിയത്. പരസ്യമായി കലാപാഹ്വാനം നടത്തിയെന്നും കൊലവിളി നടത്തിയെന്നുമാണ് പരാതിയില്‍ ഉന്നയിക്കുന്നത്. നിയമം കൈയിലെടുക്കുമെന്ന് വെല്ലുവിളിക്കുകയും വിധി പറഞ്ഞ ജഡ്ജിയെ അവഹേളിച്ചതായും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്.

ഇതിനിടെ, മുന്‍ എംഎല്‍എയുടെ കൊലവിളി പ്രസംഗം വളരെ ഗൗരവത്തില്‍ എടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തെ ന്യായീകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ജനപ്രതിനിധികളായിരുന്നവര്‍ ഇങ്ങനെ സംസാരിക്കരുതെന്നും സിപിഐഎം നേതൃത്വം ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതോടൊപ്പം, കലാപാഹ്വാനം നടത്താന്‍ നാട്ടില്‍ ആരെയും അനുവദിക്കില്ലെന്നും നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കാലത്തിന്റെ മാറ്റം സിപിഐഎം മനസ്സിലാക്കണമെന്നാണ് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പയ്യന്നൂര്‍ സീറ്റ് അവര്‍ക്ക് കൈവിട്ട് പോകാന്‍ കാരണം ഈ അക്രമവും കൊലവിളിയുമാണെന്നും ജെന്‍സി കാലഘട്ടത്തില്‍ ചിലവാകാത്ത മുദ്രാവാക്യമാണ് ഇതൊക്കെയെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

ഇക്കാര്യം ആ പാര്‍ട്ടിയെ കൂടുതല്‍ നാശത്തിലേക്കേ നയിക്കൂവെന്നും കൊലവിളി നടത്തിയാല്‍ കൈയ്യുംകെട്ടി നോക്കിനില്‍ക്കുന്ന സര്‍ക്കാറല്ല കേരളത്തിലുള്ളതെന്നും ട്രാക്ക് വിട്ട് സഞ്ചാരിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആര്‍ക്കും ആരാച്ചാരുടെ ചുമതലയൊന്നും കൊടുത്തിട്ടില്ലെന്നും ജഡ്ജിയെ ഭീഷണിപ്പെടുത്തുന്നത് ഒക്കെ തുരുമ്പിച്ച കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT