KERALA

"അമ്മൂമ്മ ഡിപ്രഷന് മരുന്ന് കഴിക്കുന്നുണ്ട്, കുടുംബ പ്രശ്നങ്ങളൊന്നുമില്ല, ദുരൂഹതയുണ്ട്"; കറുകുറ്റിയിലെ കുഞ്ഞിൻ്റെ മരണത്തിൽ മുൻ പഞ്ചായത്ത് മെമ്പർ

തിരിച്ചെത്തിയപ്പോൾ കുഞ്ഞ് ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു എന്നും അയ്യപ്പൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

എറണാകുളം: കറുകുറ്റിയിൽ ആറുമാസം പ്രായമായ കുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത് അമ്മ അടുക്കളയിൽ പോയ സമയത്തെന്ന് പഞ്ചായത്ത് മുൻ മെമ്പർ കെ.പി. അയ്യപ്പൻ. ഡിപ്രഷന് മരുന്ന് കഴിക്കുന്ന അമ്മൂമ്മയുടെ അടുത്ത് കുഞ്ഞിനെ കിടത്തിയാണ് അമ്മ അടുക്കളയിൽ പോയത്. അമ്മൂമ്മയുടെ ആവശ്യ പ്രകാരം കഞ്ഞിയെടുക്കാനായാണ് പോയത്. തിരിച്ചെത്തിയപ്പോൾ കുഞ്ഞ് ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു എന്നും അയ്യപ്പൻ പറഞ്ഞു.

"രാവിലെ ഒൻപത് മണിയോടെയാണ് സംഭവം നടക്കുന്നത്. കുട്ടിയെ അമ്മൂമ്മയുടെ അടുത്ത് കിടത്തിയാണ് അമ്മ അടുക്കളയിലേക്ക് പോയത്. തിരിച്ചെത്തിയപ്പോൾ കുഞ്ഞ് ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു. അമ്മയുടെ ബഹളം കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. പിന്നാലെ കുട്ടിയെ അങ്കമാലിയിലെ സ്വകാര്യയിലേക്ക് കൊണ്ടുവന്നു. കുട്ടിക്ക് ചെറിയ മുറിവ് പറ്റിയെന്നാണ് ആദ്യം ആശുപത്രിയിൽ പറഞ്ഞത്. പിന്നീട് ഓക്സിജൻ കൊടുക്കാൻ ശ്രമിച്ചപ്പോഴാണ് കഴുത്തിലെ മുറിവ് ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചു. അമ്മൂമ്മ ഡിപ്രഷന് മരുന്ന് കഴിക്കുന്നുണ്ട്. സംഭവത്തിനുശേഷം അമ്മൂമ്മ അബോധാവസ്ഥയിലായിരുന്നു. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുടുംബത്തിലാകെ അഞ്ചുപേരാണ് ഉള്ളത്. മൂത്ത കുട്ടിയുടെ പിറന്നാൾ ആയിരുന്നു ഇന്ന്. മറ്റ് കുടുംബ പ്രശ്നങ്ങളൊന്നുമില്ല. സംഭവത്തിൽ ദുരൂഹതയുണ്ട്", അയ്യപ്പൻ.

അതേസമയം, കരച്ചിൽ കേട്ട് ഓടി വന്നപ്പോൾ മുറിവേറ്റ കുഞ്ഞുമായി അച്ഛൻ വീടിന് മുറ്റത്ത് നിൽക്കുകയായിരുന്നുവെന്നാണ് അയൽവാസി മണി പറയുന്നത്. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും മണി പറഞ്ഞു. ഇന്ന് രാവിലെയോടെയാണ് ആൻ്റണി-റൂത്ത് ദമ്പതികളുടെ മകൾ ഡെൽന മറിയത്തെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

SCROLL FOR NEXT