കൊച്ചി: പുതുവത്സരാഘോഷത്തിന് ഒരുങ്ങുന്ന ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ശന സുരക്ഷ ക്രമീകരണങ്ങൾ ഉണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ന്യൂസ് മലയാളത്തോട് പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ ആളുകൾ ഈ വർഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് ശക്തമായ സുരക്ഷ ഒകുക്കി ആളുകൾക്ക് നല്ലൊരു ന്യൂയർ ആഘോഷം ലഭ്യമാക്കണമെന്നാണ് ലക്ഷ്യമെന്നും പുട്ട വിമലാദിത്യ പറഞ്ഞു.
പൊതുസുരക്ഷ, ഗതാഗത നിയന്ത്രണം, ക്രൗഡ് മാനേജ്മെൻ്റ് എന്നിവയ്ക്കാണ് പ്രധാന്യം നൽകുന്നത്. ഇതിനായി കൊച്ചിയിലാകെ 1,200 പൊലീസുകാരെ വിന്യസിക്കും. ഫോര്‍ട്ട് കൊച്ചി നാളെ നോ പാര്‍ക്കിങ് സോണ്‍ ആയിരിക്കും. ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ വാഹനങ്ങളെ കടത്തി വിടുകയുള്ളു. പൊതുഗതാഗതത്തിനും സമയം ക്രമം ഏർപ്പെടുത്തിയിട്ടുണ്ട്. കെഎസ്ആർടിസി ഉൾപ്പെടെ സർവീസ് നടത്തും. സ്വകാര്യ ബസുകൾക്ക് വൈകിട്ട് അഞ്ചുമണി വരെ മാത്രമേ ഫോര്‍ട്ട് കൊച്ചിയിലേക്ക് പ്രവേശനമുള്ളു.
അതേസമയം വാട്ടര്‍ മെട്രോ പുലര്‍ച്ചെ നാല് മണി വരെയുണ്ടാകും. കൊച്ചി മെട്രോ രാത്രി 2 മണി വരെയും ഉണ്ടാകും. രാത്രി ഏഴ് മണിവരെ മാത്രമാണ് ഫോര്‍ട്ട് കൊച്ചിയിലേക്ക് പ്രവേശനമുണ്ടാവുകയുള്ളു. ജനങ്ങള്‍ പൊതു ഗതാഗതം പരമാവധി ഉപയോഗിക്കണമെന്നും ഡ്രോണ്‍ നിരോധനമടക്കം ഉണ്ടാകുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.