KERALA

അലുവ അതുൽ കൊലക്കേസ്; നാല് പ്രതികൾ പിടിയിൽ

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള രണ്ടുപേരും, കൂട്ടുപ്രതികളായ രണ്ടുപേരുമാണ് പൊലീസിൻ്റെ പിടിയിലായത്.

Author : ന്യൂസ് ഡെസ്ക്

കൊല്ലം: ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾ പിടിയിൽ. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള രണ്ടുപേരും, കൂട്ടുപ്രതികളായ രണ്ടുപേരുമാണ് പൊലീസിൻ്റെ പിടിയിലായത്. കേസിൻ്റെ അന്വേഷണം ജില്ലാ അതിർത്തികളിൽ ശക്തമാക്കുമെന്നും ജില്ലയ്ക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ ഹേമലത അറിയിച്ചു.

ഇന്ന് ഉച്ചയോടെയാണ് ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ എത്തിയശേഷം മടങ്ങി പോകുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. അതുൽ സഞ്ചരിച്ച കാറിനെ ദേശീയപാത നിര്‍മാണത്തിനായി നിര്‍മിച്ച താഴ്ചയിലേക്ക് വീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ എത്തിയപ്പോഴാണ് അതുലിനെ വെട്ടിക്കൊന്നത്. തലയ്‌ക്കേറ്റ ആഴത്തിലുള്ള വെട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം.

2025 മാർച്ച് 27നാണ് കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്ന് വിളിക്കുന്ന ​ഗുണ്ടാനേതാവ് സന്തോഷിനെ കൊലപ്പെടുത്തിയത്. മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ റിമാന്‍ഡിലായിരുന്ന സന്തോഷ് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു കൊലപാതകം. വൈദ്യുതി ഓഫ്‌ ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് വാതിൽ തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്തെത്തിയത്. പിന്നാലെ ചുറ്റിക കൊണ്ട് സന്തോഷിൻ്റെ കാലിൻ്റെ ചിരട്ട അടിച്ചുപൊട്ടിക്കുകയും, ശരീരത്തിൽ മാരകമായി മുറിവുകളുണ്ടാക്കിയ ശേഷം നാലംഗസംഘം സ്ഥലംവിടുകയുമായിരുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തം വാർന്ന് സന്തോഷ് മരിക്കുകയായിരുന്നു.

കൊലപാതകത്തിന് ശേഷം ഭാര്യക്കും കുഞ്ഞിനുമൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെ പൊലീസ് അതുലിനെ വളഞ്ഞു. അന്ന് ഭാര്യയെയും കുഞ്ഞിനെയും നടുറോഡിൽ കാറിലിരുത്തി ഇയാൾ ഇറങ്ങിയോടി. ആലുവയിലേക്ക് കടന്ന അലുവ അതുൽ പിന്നീട് തൃശൂരിലേക്കും അവിടെ നിന്ന് തമിഴ്‌നാട്ടിലേക്കും കടക്കുകയായിരുന്നു. കൊലപാതകം നടന്ന് 21 ദിവസത്തിന് ശേഷമാണ് അതുൽ പൊലീസിൻ്റെ പിടിയിലായത്.

SCROLL FOR NEXT