പ്രളയഭീതിയിൽ നാല് ജില്ലകൾ, മഴക്കെടുതിയിൽ 6 മരണം 
KERALA

സംസ്ഥാനത്ത് കനത്ത മഴ; പ്രളയഭീതിയിൽ നാല് ജില്ലകൾ, മഴക്കെടുതിയിൽ 6 മരണം

പെരിയാറിലെ ജലനിരപ്പ് ഉയർന്നു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശുന്നത് അപകടങ്ങൾ ഇരട്ടിയാക്കി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ പ്രളയഭീതിയിലാണ് ഉള്ളത്. പത്തനംതിട്ട റാന്നിയിൽ അതീവ ഗുരുതരാവസ്ഥയാണ്. പമ്പയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് റാന്നിയിലെ ജനവാസ മേഖലകളും ടൗണും പൂർണമായും വെള്ളത്തിനടിയിലായി.

മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ ആറ് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരാൾക്ക് പരിക്കേറ്റു. ദുരന്ത നിവാരണ അതോറിറ്റിയാണ് കണക്കുകൾ പുറത്തുവിട്ടത്. സംസ്ഥാനത്ത് ഇതുവരെ 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

മഴക്കെടുതിയിൽ 17 വീടുകൾ പൂർണമായി നശിച്ചു. 127 വീടുകൾ ഭാഗികമായി നശിച്ചതായും ദുരന്തനിവാരണ സേന അറിയിച്ചു. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിതീവ്ര മഴയിൽ ഡാമുകളിൽ അതിവേഗം ജലനിരപ്പുയരുന്നതും ഭീഷണിയാണ്. ആറ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മൂഴിയാർ, ഇടുക്കി കല്ലാർകുട്ടി, ലോവർ പെരിയാർ, തൃശൂർ പെരിങ്ങൽകുത്ത്, തിരുവനന്തപുരം നെയ്യാർ, പാലക്കാട് മംഗലം എന്നി ഡാമുകളിലാണ് റെഡ് അലർട്ട്.

പമ്പ, മണിമല നദികളിൽ അപായകരമായ വിധത്തിൽ ജലനിരപ്പ് ഉയരുകയാണ്. മുൻകരുതലിൻ്റെ ഭാഗമായി ഇടുക്കി ജില്ലയിലേക്കുള്ള വിനോദസഞ്ചാരം പൂർണമായും നിരോധിക്കുകയും മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയും ദുരന്തനിവാരണ അതോറിറ്റിയും അഭ്യർത്ഥിച്ചു.

SCROLL FOR NEXT