കണ്ണൂർ: പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തി. രാമന്തളി സെൻ്റർ വടക്കുമ്പാട് റോഡിനു സമീപത്തെ കൊയിത്തട്ട താഴത്തെ വീട്ടിൽ കെ.ടി. കലാധരൻ (38), അമ്മ ഉഷ (60), കലാധരൻ്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരാണ് മരിച്ചത്. തിങ്കൾ രാത്രി എട്ട് മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മുതിർന്നവർ രണ്ടു പേരും തൂങ്ങിയ നിലയിലും കുട്ടികൾ താഴെ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
ഉഷയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോൾ വീട് അടച്ച നിലയിലാണ് കണ്ടത്. വീട്ടിനു മുന്നിൽ ഒരു കത്തും ഉണ്ടായിരുന്നു. തുടർന്ന് കത്തുമായി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. പൊലീസ് എത്തി വീട് തുറന്ന് നോക്കിയപ്പോൾ ഉഷയെയും കലാധരനെയും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും രണ്ടു മക്കളും നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടത്.
മക്കളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം കലാധരനും ഉഷയും തൂങ്ങിമരിച്ചെന്നാണ് നിഗമനം. കലാധരനും ഭാര്യ നയൻതാരയും തമ്മിൽ കുടുംബ കോടതിയിൽ കേസ് നടന്നിരുന്നു. കലാധരൻ്റെ കൂടെ താമസിക്കുന്ന രണ്ട് മക്കളെയും അമ്മയുടെ ഒപ്പം വിടാൻ കോടതി വിധി ഉണ്ടായിരുന്നു. ഭാര്യ നിരന്തരം മക്കളെ ആവശ്യപ്പെട്ട് കലാധാരനെ വിളിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കണ്ണൂർ റൂറൽ പോലീസ് സൂപ്രണ്ട് അനൂജ് പലിവാളിൻ്റെ നേതൃത്വത്തിൽ പോലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റുമാർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)