KERALA

"ഫയലുകളിലും സോഫ്റ്റ്‍വെയറിലും ജീവനക്കാരായ സിപിഐഎമ്മുകാര്‍ തിരിമറി നടത്തി"; മാധവ വിലാസം സഹകരണ ബാങ്കില്‍ ക്രമക്കേട് ആരോപണം

ക്രമക്കേട് ആരോപിച്ച് ബാങ്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കുളത്തൂര്‍ സിപിഐഎം ബ്രാഞ്ച് അംഗമായ കെ. ലാല്‍കുമാര്‍ രാജിവെച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മാധവ വിലാസം സര്‍വീസ് സഹകരണ ബാങ്കില്‍ ക്രമക്കേട് ആരോപിച്ച് ബാങ്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കുളത്തൂര്‍ സിപിഐഎം ബ്രാഞ്ച് അംഗമായ കെ. ലാല്‍കുമാര്‍ രാജിവെച്ചു. ബാങ്കിന്റെ ഫയലുകളിലും സോഫ്റ്റ്‍വെയറിലും സിപിഐഎം പ്രവര്‍ത്തകരായ ജീവനക്കാര്‍ തിരിമറി നടത്തി. ക്രമക്കേടുകള്‍ക്ക് കൂട്ടുനില്‍ക്കാന്‍ മനസാക്ഷി അനുവദിക്കുന്നില്ല. സിപിഐഎം കുറ്റക്കാരെ സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും ലാല്‍കുമാര്‍ പറഞ്ഞു.

2014 മുതലുള്ള 38 ഫയലുകള്‍ കാണാനില്ലെന്നും മുന്‍ സെക്രട്ടറിയുടെ കാലത്ത് സര്‍ക്കാരിന്റെയോ ഭരണ സമിതിയുടേയോ അനുമതി ഇല്ലാതെ യാതൊരു രേഖകളുമില്ലാതെ 22 ലോണുകള്‍ പലിശ ഈടാക്കാതെ മുന്‍ സെക്രട്ടറി തീര്‍പ്പ് കല്‍പിച്ചു എന്നും ലാല്‍ കുമാര്‍ ആരോപിച്ചു. കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം സനലിനെതിരെ ഗുരുതര ആരോപണങ്ങളാണ് രാജിക്കത്തിലുള്ളത്.

ആറ് പേജുള്ള രാജിക്കത്താണ് പാര്‍ട്ടിക്കും സഹകരണ വകുപ്പ് രജിസ്ട്രാര്‍ക്കും ഭരണ സമിതിക്കും സമര്‍പ്പിച്ചിരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ലാല്‍ കുമാര്‍ സ്ഥാനം രാജിവച്ചിരിക്കുന്നത്.

ബാങ്കില്‍ നിന്നും 38 ഫയലുകള്‍ കാണാതായത് എങ്ങനെയാണെന്നത് സംബന്ധിച്ച് ഒരു വിവരവും ലഭ്യമല്ലെന്നും കത്തില്‍ ആരോപിക്കുന്നു. കഴിഞ്ഞ വര്‍ഷം മുന്‍ സെക്രട്ടറി ലതാ ദേവി ഇക്കൂട്ടത്തിലെ 16 ഫയലുകള്‍ കാണാനില്ലെന്ന് കാണിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ ചുവട് പിടിച്ച് നടത്തിയ അന്വേഷണത്തിലാണ് 2014 മുതല്‍ 38 ഫയലുകള്‍ കാണാനില്ലെന്ന വിവരം പുറത്തുവരുന്നത്.

SCROLL FOR NEXT