കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ Source: News Malayalam 24x7
KERALA

മെഡി. സർവീസസ് കോർപ്പറേഷൻ്റെ എക്സാമിനേഷൻ ഗ്ലൗസ് ടെൻഡറിൽ തിരിമറി; കൂടിയ വില ക്വാട്ട് ചെയ്ത കമ്പനിക്ക് ടെൻഡർ നൽകാൻ നീക്കം

ടെൻഡറിൽ പങ്കെടുത്ത ഒരു കമ്പനിയോട് യഥാർഥ രേഖകൾ മാറ്റിത്തരാൻ കോർപ്പറേഷൻ ഉദ്യോഗസ്ഥ വിളിച്ചു പറയുന്നതിൻ്റെ ശബ്ദരേഖ ന്യൂസ് മലയാളം പുറത്തുവിട്ടു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലേക്ക് ആവശ്യമായ എക്സാമിനേഷൻ ഗ്ലൗസ് വാങ്ങാനുള്ള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ വഴിവിട്ട നീക്കം പുറത്ത്. ടെൻഡറിൽ പങ്കെടുത്ത ഒരു കമ്പനിയോട് യഥാർഥ രേഖകൾ മാറ്റിത്തരാൻ കോർപ്പറേഷൻ ഉദ്യോഗസ്ഥ വിളിച്ചു പറയുന്നതിൻ്റെ ശബ്ദരേഖ ന്യൂസ് മലയാളം പുറത്തുവിട്ടു. വിവാദമായതോടെ ഓർഡർ ഇതുവരെ നൽകിയിട്ടില്ല.

എക്സാമിനേഷൻ ഗ്ലൗസിനായി ഇത്തവണ മൂന്ന് കമ്പനികൾ ആണ് ടെൻഡറിൽ പങ്കെടുത്തത്. സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നവരോ അല്ലെങ്കിൽ ഇറക്കുമതി ലൈസൻസ് ഉള്ളവരോ ആയിരിക്കണം ഇതിന്റെ ടെൻഡറിൽ പങ്കെടുക്കേണ്ടത് എന്നതാണ് വ്യവസ്ഥ. ഇതനുസരിച്ച് മഹാരാഷ്ട്ര ആസ്ഥാനമായ ആംകെ, കാനം ലാറ്റക്സ്, പാലായിലെ സെന്റ് മേരി റബ്ബർ എന്നീ കമ്പനികൾ ടെൻഡറിൽ പങ്കെടുത്തു. ഇതിൽ ഏറ്റവും കുറഞ്ഞ തുക കോട്ട് ചെയ്തത് ആംകെ ആണ്. എന്നാൽ ചില വ്യവസ്ഥകൾ പാലിച്ചില്ല എന്നു പറഞ്ഞ് ഇവരെ ഒഴിവാക്കി. ശേഷം കൂടിയ തുക കോട്ട് ചെയ്ത പാലാ സെന്റ് മേരി റബ്ബറിന് ടെൻഡർ നൽകാനുള്ള നീക്കം ഉണ്ടായി.

ഇതിനിടയിൽ ആംകെ ഒഴിവായാൽ ടെൻഡർ കിട്ടാൻ സാധ്യതയുണ്ടായിരുന്ന കാനം ലാറ്റെക്സിന്റെ ഉടമസ്ഥരെ വിളിച്ച് മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ഒരു ഉദ്യോഗസ്ഥ ടെൻഡർ രേഖകളിൽ ചില മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ടു. അതും യഥാർഥ രേഖകൾ മാറ്റണം എന്നുള്ളതായിരുന്നു ആവശ്യം. സാധാരണ ഗതിയിൽ ടെൻഡറിൽ പങ്കെടുത്ത കമ്പനികൾക്ക് എന്തെങ്കിലും സമർപ്പിക്കാൻ ഉണ്ടെങ്കിലോ മാറ്റം വരുത്താൻ ഉണ്ടെങ്കിലോ അത് ഓൺലൈനായി അറിയിക്കുകയാണ് ചെയ്യുക. അതല്ലാതെ ഒരു ഉദ്യോഗസ്ഥ നേരിട്ട് വിളിച്ച് കമ്പനി അധികൃതമായി സംസാരിക്കുന്നത് ഉണ്ടാകാറില്ല.

പൊതുവിപണിയിൽ രണ്ട് രൂപ 10 പൈസ മാത്രം വിലയുള്ള ഗ്ലൗസിന് മൂന്നു രൂപ 90 പൈസ ഈടാക്കിയ പാലാ സെൻമേരി റബ്ബറിന് ടെൻഡർ നൽകാനുള്ള നീക്കം ഇതോടെ സജീവമായി. ഭരണപക്ഷത്തെ സ്വാധീനമുള്ള ചിലരാണ് ഇതിന് പിന്നിലെന്നുള്ള ആക്ഷേപവും ഉയർന്നു. വ്യവസ്ഥകളെല്ലാം ലംഘിച്ചുകൊണ്ട് പാലാ സെൻമേരി റബ്ബറിന് ഓർഡർ നൽകാനുള്ള നീക്കം ഉണ്ടായതോടെ പരാതികൾ ഉയർന്നു. ഇതോടെ ടെൻഡർ നൽകാനായില്ല. വഴിവിട്ട് ടെൻഡർ നൽകാനുള്ള നീക്കം വിവാദമായതോടെ അന്തിമ തീരുമാനം ബോർഡ് ഓഫ് ഡയറക്ടേഴ്സിനു വിടുകയായിരുന്നു. 2017-18 കാലയളവിൽ ഇതേ കമ്പനി വിതരണത്തിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ടെൻഡറിൽ രണ്ടാം സ്ഥാനക്കാരായ കമ്പനിയിൽ നിന്നാണ് ഗ്ലൗസ് വാങ്ങേണ്ടിവന്നത്. വീഴ്ച വരുത്തിയ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണമെന്നാണ് മാനദണ്ഡമെങ്കിലും അതും ഉന്നത സ്വാധീനത്താൽ ഉപേക്ഷിച്ചു.

SCROLL FOR NEXT