Source: News Malayalam 24x7
KERALA

മൈക്രോ ഫിനാന്‍സിൻ്റെ പേരില്‍ തട്ടിപ്പ്; ലോണ്‍ ശരിയാക്കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി തട്ടിയത് ലക്ഷങ്ങള്‍; കൊല്ലത്ത് മൂന്ന് പേർ അറസ്റ്റില്‍

ലോൺ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി മൂന്ന് ലക്ഷത്തോളം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്...

Author : ന്യൂസ് ഡെസ്ക്

കൊല്ലം: മൈക്രോഫിനാൻസ് എന്ന പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. ലോൺ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി മൂന്ന് ലക്ഷത്തോളം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. കൂടുതൽ പേർ തട്ടിപ്പിന് ഇരയായതായാണ് വിവരം. കൊട്ടാരക്കര പൊലീസാണ് പിടികൂടിയത്.

തിരുവല്ല സ്വദേശികളായ രാജീവൻ, ഗിരീഷ് കുമാർ ചെങ്ങന്നൂർ സ്വദേശി ഗോപകുമാർ എന്നിവരാണ് പിടിയിലായത്. കേസിൽ വിപിൻ ഭാസ്കർ എന്ന ആൾ ഒളിവിലാണ്. സെവൻ സ്റ്റാർ, M3G അസോസിയേറ്റ് എന്നീ പേരുകളിൽ തൃപ്പൂണിത്തുറ, തിരുവല്ല, കലയപുരം, കൊട്ടാരക്കര എന്നീ സ്ഥലങ്ങളിൽ സ്ഥാപനം നടത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയത്.

മൈക്രോ ഫിനാൻസ് വഴി ലോൺ നൽകാമെന്ന് വാഗ്ദാനം നൽകി 10000 മുതൽ 65000 രൂപ വരെ ഒൻപത് പേരിൽ നിന്നായി ഇവർ വാങ്ങിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ ലോൺ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ് ആലപ്പുഴ കരുമാടി സ്വദേശിയിൽ നിന്ന് 55000 രൂപയാണ് ഇവർ തട്ടിയെടുത്തത്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടിച്ചത്. കൂടുതൽ പേരിൽ നിന്നും തട്ടിപ്പു നടത്തിയിട്ടുള്ളതായാണ് വിവരം. കേസിൽ അന്വേഷണം വ്യാപിപ്പിക്കുമെന്ന് കൊട്ടാരക്കര പൊലീസ് അറിയിച്ചു.

SCROLL FOR NEXT