സോഷ്യോ വാസു 
KERALA

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു

സ്കൂള്‍ പഠനകാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് വാസു ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നത്

Author : ന്യൂസ് ഡെസ്ക്

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു. കോഴിക്കോട് ചെറുവണ്ണൂരിലെ വീട്ടിലായിരുന്നു അന്ത്യം. 103 വയസായിരുന്നു. സംസ്ക്കാരം നാളെ രാവിലെ 11ന് ബോദീശ്വരം ശ്മശാനത്തിൽ.

1923 ജനുവരിയിൽ ചെറുവണ്ണൂർ പുതിയ പറമ്പിൽ അപ്പുവിന്റെയും അമ്മുവിന്റെയും മകനായാണ് പി. വാസുവിന്റെ ജനനം. സ്കൂള്‍ പഠനകാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി. 1934ൽ ഗാന്ധിജി കോഴിക്കോട് വന്നപ്പോൾ അച്ഛന്റെ കൂടെ കാണാൻ പോയി. 1942ൽ വാസു ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി. അക്കാലത്ത് കുണ്ടായിത്തോട് മുതൽ ചെറുവണ്ണൂർ വരെ ജാഥ നയിച്ചതിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്, കണ്ണൂർ ജയിലുകളിലായി മൂന്നര മാസം തടവുശിക്ഷ അനുഭവിച്ചു. ക്രൂര മർദനത്തിനും ഇരയായി.

ജയിൽ ശിക്ഷ കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് 1943ലെ ഫറോക്ക് പാലം ബോംബ് കേസുമായി ബന്ധപ്പെട്ടു പൊലീസ് വാറന്റ് പുറപ്പെടുവിച്ച് അന്വേഷിക്കുന്ന കാര്യം അറിയുന്നത്. അതോടെ വാസു നാടുവിട്ടു. മദ്രാസിലേക്ക് ട്രെയിൻ കയറിയ വാസു അവിടെ ഒമ്പത് മാസത്തോളം ഒളിവിൽ കഴിഞ്ഞു. 1944ൽ മദ്രാസിൽ നിന്നു നാട്ടിൽ തിരിച്ചെത്തിയ ശേഷം ചെറുവണ്ണൂരിൽ സോഷ്യോ എന്ന പേരിൽ തയ്യൽക്കട തുടങ്ങിയതോടെ പിന്നീട് സോഷ്യോ വാസു എന്ന പേരിലാണ് അറിയപ്പെടുന്നത്. രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുമ്പോൾ വാസുവിന് 24 വയസ്സായിരുന്നു.

SCROLL FOR NEXT