മിഥുൻ്റെ കളിയിടം Source: News Malayalam 24x7
KERALA

ആ കളിക്കളത്തിൽ ഇനി അവൻ പന്ത് തട്ടില്ല; വിട്ടുപിരിഞ്ഞത് കൂട്ടുകാരുടെ സ്വന്തം മിഥുൻ

മരണത്തിന് രണ്ടുദിവസം മുൻപായിരുന്നു മിഥുന് സ്കൂൾ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

കൊല്ലം: മിഥുൻ്റെ മരണമുണ്ടാക്കിയ ദുഃഖത്തിലാണ് വിളന്തറ എന്ന ഗ്രാമവും അവിടുത്തെ നാട്ടുകാരും. സ്കൂൾ വിട്ടാൽ ഓടിയെത്തുന്ന ഗ്രൗണ്ടിലേക്ക് ഇനി മിഥുൻ എത്തില്ല. ഇനി കൂട്ടുകാർക്കൊപ്പം പന്ത് തട്ടാൻ അവൻ ഉണ്ടാകില്ല. നികത്താനാവാത്ത നഷ്ടമാണ് മിഥുന്റെ മരണത്തിലൂടെ അവന്റെ കൂട്ടുകാർക്ക് ഉണ്ടായത്.

വീടിന്റെ തൊട്ടുമുന്നിൽ തന്നെയായിരുന്നു മിഥുന്റെ കളിയിടം. ആ ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം പന്ത് തട്ടേണ്ടിയിരുന്നവനാണ് അപ്രതീക്ഷിതമായി വിടവാങ്ങിയത്. അവന്റെ മരണം നിറച്ച ശൂന്യതയാണിവിടെ. ഈ ഗ്രൗണ്ടിൽ നിന്നും ട്യൂഷൻ കഴിഞ്ഞ് സ്കൂളിലേക്ക് യാത്ര പറഞ്ഞ് പോയതായിരുന്നു മിഥുൻ. ഇന്നലെ വരെ തല്ല് കൂടാനും കളിക്കാനും ഒരുമിച്ച് ഉണ്ടായിരുന്നവൻ ഇനി തിരിച്ചുവരില്ല.

നിറയെ കൂട്ടുകാരുണ്ടായിരുന്നു മിഥുന്. എല്ലാവരുടെയും പ്രിയപ്പെട്ടവൻ. ഒന്നാന്തരം കാൽപന്ത് കളിക്കാരൻ. ക്ലാസ്സ്‌ കഴിഞ്ഞ് എത്തിയാൽ സന്ധ്യ മയങ്ങുംവരെ ഗ്രൗണ്ടിൽ തുടരും മിഥുനും കൂട്ടുകാരും. മുത്തശ്ശി വടിയുമായി എത്തുമ്പോൾ മാത്രം വീട്ടിലെത്തുന്ന ബാല്യം. എല്ലാം തകർത്തത് ചിലരുടെയെല്ലാം അനാസ്ഥ. പരസ്പരം പഴിചാരി കയ്യൊഴിയുമ്പോഴേക്കും മിഥുൻ അവന്റെ പ്രിയപ്പെട്ടവരെ വിട്ടുപോയിരുന്നു.

മരണത്തിന് രണ്ടുദിവസം മുൻപായിരുന്നു മിഥുന് സ്കൂൾ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആ സന്തോഷത്തിലായിരുന്നു അവൻ. അപകടം അവന്റെ ജീവൻ കവർന്നെടുത്തപ്പോഴും സ്കൂൾ ടീമിൽ ഇടം നേടിയതിന്റെ സന്തോഷം അവന് വിട്ടു മാറിയിരുന്നില്ല. ഈ ഗ്രൗണ്ടിലേക്ക് മിഥുൻ ഇനി കളിക്കാൻ എത്തില്ല.

SCROLL FOR NEXT