അഭിജിത്ത് Source: News Malayalam 24x7
KERALA

ബസ് ഡ്രൈവറിൽ നിന്ന് സ്കൂൾ വൈസ് പ്രിൻസിപ്പൽ സ്ഥാനത്തേക്ക്; മധുര പ്രതികാരവുമായി അഭിജിത്തിൻ്റെ ജീവിതയാത്ര

സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാൻ ഓട്ടോറിക്ഷയും ബസും ഓടിച്ചപ്പോൾ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തവരോടുള്ള മധുര പ്രതികാരമാണിതെന്ന് അഭിജിത്ത്...

Author : ന്യൂസ് ഡെസ്ക്

കാസ‍​ർഗോഡ്: ബസ് ഡ്രൈവറിൽ നിന്ന് സ്കൂൾ വൈസ് പ്രിൻസിപ്പൽ സ്ഥാനത്തേക്കെത്തിയ ജീവിത കഥയാണ് കണ്ണൂരിലെ അഭിജിത്തിന്റേത്. സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാൻ ഓട്ടോറിക്ഷയും ബസും ഓടിച്ചപ്പോൾ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തവരോടുള്ള മധുര പ്രതികാരമാണിതെന്ന് അഭിജിത്ത് പറയുന്നു.

ജീവിതത്തിന്റെ പല സ്റ്റോപ്പുകൾ, മിക്ക സ്റ്റോപ്പിൽ നിന്നും കാലം കയറ്റി വിട്ടത് കഷ്ടപ്പാടിന്റെ ഭാണ്ഡക്കെട്ടുകൾ... ആക്സിലറേറ്ററിൽ കാലമർത്തി മുന്നോട്ട് കുതിക്കാൻ കരുത്തായത്, സ്വപ്നം കണ്ട സ്റ്റോപ്പിൽ തന്നെ എത്തുമെന്ന ആത്മവിശ്വാസമാണ്. കണ്ണൂർ കോയ്യോട് സ്വദേശി അഭിജിത്തിന്റെ ജീവിത യാത്ര ഒരു പ്രചോദനമാണ്.

അധ്യാപകനാകാൻ അടങ്ങാത്ത ആഗ്രഹമായിരുന്നു അഭിജിത്തിന്. സാമ്പത്തിക പ്രശ്നങ്ങൾ വഴി നീളെ തടസമായി. പക്ഷേ ബ്രേക്ക് ഡൗൺ ആയി വഴിയിൽ കിടക്കാൻ മനസ് സമ്മതിച്ചതേയില്ല. പൊരുതി ഓട്ടോ ഡ്രൈവറായും ബസ് ഡ്രൈവറായും രാപ്പകൽ ജോലി ചെയ്തു. തോൽക്കാൻ മനസില്ലാത്തവന് മുന്നോട്ട് പോകാൻ ഡബിൾ ബെൽ നൽകുക മാത്രമായിരുന്നു, വിധിക്ക് പോലും ചെയ്യാനുണ്ടായിരുന്നത്. അങ്ങനെ അയാൾ സ്വപ്നം സാക്ഷാത്കരിച്ചു. ബസിന്റെ ഡ്രൈവർ സീറ്റിൽ നിന്ന് സ്കൂൾ വൈസ് പ്രിൻസിപ്പലിന്റെ കസേരയിലേക്ക് കിടിലനൊരു ഗിയർ മാറ്റൽ.

കാസർഗോഡ് ചിന്മയ സ്കൂളിന്റെ വൈസ് പ്രിൻസിപ്പാലായാണ്, അഭിജിത്ത് പുതിയ ജോലിയിൽ പ്രവേശിച്ചത്. കളിയാക്കിയവരോടും കുറ്റപ്പെടുത്തിയവരോടും ഇതാണ് മറുപടിയെന്ന് പറയുമ്പോൾ അഭിജിത്തിൻ്റെ മുഖത്ത് മനസ് നിറഞ്ഞ പുഞ്ചിരി. അധ്യാപകനായെങ്കിലും സ്വപ്നം യാഥാർഥ്യമാക്കാൻ വഴിയൊരുക്കിയ ഡ്രൈവിങ്ങ് ജോലി കൈവിടില്ലെന്നും അവധി ദിനങ്ങളിൽ ഇനിയും ആ സീറ്റിൽ ഉണ്ടാകുമെന്നും ഈ യുവാവ് പറയുമ്പോൾ സഹപ്രവർത്തകരായിരുന്നവർക്ക് അഭിമാനവും സന്തോഷവും മാത്രം.

മാർഗവും ലക്ഷ്യവും ഒരു പോലെ പ്രധാനമാണെന്ന് ഓർമപ്പെടുത്തി യാത്ര തുടരുമ്പോൾ, അഭിജിത്തിന് ഒരു കാര്യം കൂടി പറയാനുണ്ട്. ഒരു ജോലിയും ചെറുതോ വലുതോ അല്ല, നമ്മളത് ആസ്വദിക്കുന്നോ എന്നതാണ് പ്രധാനം.

SCROLL FOR NEXT