എറണാകുളം: സർക്കാർ വകുപ്പുകൾക്ക് ഇന്ധനം ഇനി കടം നൽകില്ലെന്ന് പമ്പ് ഉടമകൾ. കുടിശിക ഉടൻ തീർക്കമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഉടമകളുടെ സംഘടന കത്ത് നൽകി. സർക്കാരിൻ്റെ വിവിധ വകുപ്പുകളിൽ നിന്നായി പമ്പുടമകൾക്ക് കിട്ടാനുള്ളത് രണ്ടായിരം കോടിയോളം രൂപയാണെന്നും പൊലീസ് വകുപ്പ് മാത്രം നൽകാനുള്ളത് 400 കോടി രൂപയാണെന്നും പമ്പ് ഉടമകൾ അയച്ച കത്തിൽ പറയുന്നു.
നിലവിലെ പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ കടം നൽകുന്ന രീതി നിർത്തലാക്കുന്നത്. കഴിഞ്ഞ ആറ് മാസത്തെ കുടിശിക ബാക്കിയുണ്ടെന്നും ഈ സാഹചര്യത്തിൽ മുന്നോട്ട് പോകുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്നും പമ്പ് ഉടമകളുടെ കത്തിൽ പറയുന്നു. ഇതിൽ ഉടനടി നടപടിയെടുക്കണം. അതോടൊപ്പം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അടിയന്തര ഗതാഗത ആവശ്യങ്ങൾക്ക് ഇന്ധനം കടമായി നൽകാൻ കഴിയില്ലെന്നും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണമെന്നും കത്തിൽ അറിയിച്ചിട്ടുണ്ട്.