എറണാകുളം-അങ്കമാലി അതിരൂപത കുർബാന തർക്കം സമവായത്തിലേക്ക്. ജനാഭിമുഖ കുർബാനയ്ക്ക് സമ്പൂർണ അംഗീകാരം നൽകികൊണ്ടാണ് തർക്കം സമവായത്തിലേക്ക് എത്തിയത്. ഇതോടെ പുതിയ വൈദികർക്ക് ജനാഭിമുഖ കുർബാന അർപ്പിക്കാനുള്ള തടസങ്ങൾ പൂർണമായും ഒഴിവായി. ഇതുസംബന്ധിച്ച സർക്കുലർ ഈ മാസം 29 ന് പുറത്തിറക്കുമെന്നും വൈദികർ അറിയിച്ചു.
അതിരൂപതയിൽ നിലവിൽ സിനഡ് കുർബാന മാത്രം നടക്കുന്ന ദേവാലയങ്ങളിലും ഞായറാഴ്ച്ച ഒരു കുർബാന ജനാഭിമുഖ കുർബാന ആയിരിക്കും. കുർബാന തർക്കത്തിൽ ഫ്രാൻസീസ് മാർപാപ്പയെ തിരുത്തി കൊണ്ടാണ് സീറോ-മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പ്രതികരിച്ചത്. നിലവിലെ കൂരിയായെ പിരിച്ചുവിടും. കൂരിയ അംഗങ്ങളെ അതിരൂപതയിലെ സ്ഥാപനങ്ങളുടെ ചുമതലയിലേക്ക് മാറ്റും.
അതിരൂപതക്കായി രൂപീകരിച്ച ട്രൈബ്യൂണൽ പിരിച്ചു വിടും. എല്ലാ ശിക്ഷാ നടപടികളും റദ്ദാക്കും. നിലവിലെ അഡ്മിനിസ്ട്രേറ്റർമാരെ പിരിച്ച് വിടുമെന്നും തർക്കം പരിഹരിക്കാനുള്ള വൈദിക യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
അതിരൂപതയിലെ മറ്റു ദേവാലയങ്ങളിൽ ഞാറാഴ്ച്ചകളിലും, പ്രത്യേക തിരുനാളുകളിലും ഒരു കുർബാന മാത്രമുള്ള ഏകീകൃത കുർബാന നടപ്പാക്കുമെന്നും വൈദിക യോഗത്തിൽ ഉത്തരവായി. സിനഡ് അനുകൂലികളായ വൈദികരും, അതിരൂപത കൂരിയായും യോഗത്തിൽ നിന്നും വിട്ടു നിന്നിരുന്നു. യോഗത്തിന് മുമ്പ് സിനഡ് അനുകൂലികൾ സഭാ ആസ്ഥാനം ഉപരോധിച്ചിരുന്നു.