KERALA

അഞ്ച് വർഷത്തിനിടെ പിൻവലിച്ചത് പന്ത്രണ്ടര ലക്ഷം രൂപ; മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ വൻ ഫണ്ട് തട്ടിപ്പ്

കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളുടെ നടത്തിപ്പിനായി 2018 മുതൽ 2023 വരെ ലഭിച്ച പണത്തിൽ നിന്നാണ് തട്ടിപ്പ് നടന്നത്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ അഞ്ച് വർഷത്തിനിടെ നടന്നത് പന്ത്രണ്ടര ലക്ഷം രൂപയുടെ ഫണ്ട് തട്ടിപ്പ് . കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളുടെ നടത്തിപ്പിനായി 2018 മുതൽ 2023 വരെ ലഭിച്ച പണത്തിൽ നിന്നാണ് തട്ടിപ്പ് നടന്നത്. അമ്പതിനായിരം മുതൽ മൂന്നുലക്ഷം വരെയുള്ള തുകകളായാണ് പിൻവലിച്ചത്.

കണ്ണൂർ തളിപ്പറമ്പ് കീഴാറ്റൂർ കോടേശ്വരം ശിവക്ഷേത്രത്തിലെ എക്സിക്യുട്ടീവ് ഓഫീസറായിരുന്ന പി.ടി. രസിത്ത് കുമാർ, ക്ഷേത്ര വരവിൽനിന്ന് 2,51,000 രൂപ അനധികൃതമായി പിൻവലിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് തട്ടിപ്പുകളുടെ പരമ്പര പുറത്തുവന്നത്. ഇതേ ഉദ്യോഗസ്ഥൻ കാസർഗോഡ് പാലക്കുളങ്ങര ശ്രീധർമശാസ്താ ക്ഷേത്രത്തിൽ നിന്ന് 2,01,000 രൂപയും അരിമ്പ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽനിന്ന് 2,76,350 രൂപയും മഴൂർ ധർമികുളങ്ങര ബലഭദ്രസ്വാമി ക്ഷേത്രത്തിൽനിന്ന് 2,80,825 രൂപയും പരിയാരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്ന് 2,43,000 രൂപയും അനധികൃതമായി പിൻവലിച്ചു. ഈ തുകകളൊന്നും ക്ഷേത്ര ആവശ്യങ്ങൾക്കായി വിനിയോഗി ച്ചിട്ടില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഇങ്ങനെ അനധികൃതമായി പിൻവലിച്ച തുകയിൽ ജീർണോദ്ധാരണത്തിനായി ബോർഡ് അനുവദിച്ച തുകയും ഉൾപ്പെടും.

12,52,175 രൂപയുടെ ക്രമക്കേടാണ് 2018 മുതൽ 2023 വരെ മാത്രം നടന്നത്. സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് രസിത്ത് കുമാറിനെ നേരത്തെ മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ സസ്പെൻഡ് ചെയ്തിരുന്നു. കണ്ണൂർ പിള്ളയാർ കോവിലിലും ദ്രൗപതി യമ്മൻ കോവിലിലും ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 2018 മുതൽ 2023 വരെ സർക്കാരിൽനിന്ന് ഗ്രാന്റായി ലഭിച്ച തുക വകമാറ്റി ചെലവഴിച്ചതടക്കം വൻ സാമ്പത്തിക ക്രമക്കേടുകളും നടന്നിട്ടുണ്ട്.

ക്ഷേത്രവരവിൽ കാണിക്കാതെയും ക്ഷേത്രത്തിന്റെ സ്ഥിരനിക്ഷേപം ദൂരെയുള്ള അങ്ങാടിക്കടവിലെ സഹകരണ സൊസൈറ്റിയിലടക്കം നിക്ഷേപിച്ചതിലും ദുരൂഹതകളുണ്ട്. രസിത്ത് കുമാറിന് തന്നെയായിരുന്നു ഇവിടെയും ചുമതല. ലക്ഷണങ്ങളുടെ തട്ടിപ്പ് കണ്ടെത്തിയതോടെ മലബാർ ദേവസ്വം ബോർഡിന്റെ കീഴിലെ അമ്പലങ്ങളിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഫണ്ട് തീരിമറിക്കൊപ്പം സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട പരാതികളും ഉയരുന്നുണ്ട്.

SCROLL FOR NEXT