Source: News Malayalam 24x7
KERALA

കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; വാൽപ്പാറ ദുരന്തത്തിൽ മരിച്ച ഏഴ് പേരുടെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി

ആയിരങ്ങളാണ് പ്രിയപ്പെട്ടവരെ അവസാനനോക്ക് കാണാൻ വിങ്ങലോടെ ഒഴുകിയെത്തിയത്...

Author : ന്യൂസ് ഡെസ്ക്

വയനാട്: വാൽപ്പാറ വാഹനദുരന്തത്തിൽ മരിച്ച ഒമ്പത് പേർക്ക് നാടിൻ്റെ അന്ത്യാഞ്ജലി. പ്രിയപ്പെട്ടവരെ അവസാനനോക്ക് കാണാൻ വിങ്ങലോടെ ഒഴുകിയെത്തിയത് ആയിരങ്ങളാണ്. ഏഴ് പേരുടെ ഖബറടക്കം വിവിധ മഹല്ലുകളിൽ പൂർത്തിയായി.

മജീദ് മാസ്റ്റർ ഭാര്യ റൂഖിയ എന്നിവരുടെ സംസ്കാര ചടങ്ങുകൾ പാങ്ങ് മാട്ടാത്ത് ജുമാമസ്ജിദിലും അധ്യാപകരായ റംല ഷക്കീല എന്നിവരുടെയും പാചക തൊഴിലാളി സാജിതയുടെയും സംസ്കാര ചടങ്ങുകൾ പാങ്ങ് വലിയ ജുമാഅത്ത് പള്ളിയിലും സുഹറയുടെയും മകൻ ഹിഷാമിന്‍റെയും ഖബറടക്കം ഈസ്റ്റ്‌ പാങ്ങ് ജുമാ മസ്ജിദിലും നടന്നു. പ്രധാനധ്യാപിക അജിതയുടെ സംസ്കാരം ഷൊർണൂർ ശാന്തിതീരത്തും ആശയുടേത് കൊളത്തൂർ തറവാട്ട് വീട്ടിലുമാണ് നടക്കുക.

ഉള്ളുലയ്ക്കുന്ന കാഴ്ചകൾക്കാണ് പൊതുദർശനം നടന്ന അമ്പലപ്പറമ്പ് ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ സാക്ഷിയായത്. തങ്ങൾ ഏറെ സ്നേഹിച്ചിരുന്ന അധ്യാപകരുടെ ചേതനയറ്റ മടങ്ങിവരവിൽ പാങ്ങ് എൽപി സ്കൂളിലെ കുരുന്നുകൾ കണ്ണീരണിഞ്ഞ കാഴ്ച ഉള്ളുലയ്ക്കുന്നതായിരുന്നു. ഒരു നാടിനെ നയിച്ച അധ്യാപകരെ അവസാന നോക്ക് കാണാൻ ഉറ്റവരും നാട്ടുകാരും പൊതുദർശനം നടക്കുന്ന സ്ഥലത്ത് എത്തി.

കാഴ്ചകൾ എല്ലാം കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു. പൊള്ളാച്ചിയിൽനിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. പെരിന്തൽമണ്ണയിൽനിന്ന് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവർ ഉൾപ്പെടെ13 പേർ യാത്ര പോയത്. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്.

SCROLL FOR NEXT