പണം തട്ടുമ്പോൾ ഉള്ള വേദന ബിസിനസ് ചെയ്യുന്നവർക്കേ മനസിലാകൂ എന്ന് നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാർ. 56 വർഷമായി സിനിമയിൽ പ്രവർത്തിക്കുന്നുവെന്നും ഇതുവരെ ഒരു ലൈകംഗീക ആരോപണവും തനിക്കെതിരെ ഉയർന്നിട്ടില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. മകൾ ദിയ കൃഷ്ണയുടെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാർ ഉയർത്തിയ ഗുരുതര ആരോപണങ്ങളിൽ പ്രതികരിക്കുകയായിരുന്നു കൃഷ്ണകുമാർ. തെളിവില്ലാത്ത ആരോപണങ്ങളാണിത്. കഴമ്പില്ലാത്ത ആരോപണമാണെന്ന് പൊതുജനങ്ങൾ മനസിലാക്കും. നിഷ്പക്ഷമായ അന്വേഷണം നടക്കണമെന്നും നീതി ലഭിക്കണമെന്നും കൃഷ്ണകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
69 ലക്ഷം രൂപ ജീവനക്കാർ കവർന്ന സംഭവത്തിൽ മകളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ട്. പരാതിക്കാരായ 3 പേർ കൃത്യമായി ജോലി ചെയ്യുന്നുണ്ട് എന്ന് വിശ്വസിച്ചു. ആദ്യഘട്ടങ്ങളിൽ ചെറിയ രീതിയിലുള്ള സാമ്പത്തിക ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും ലാഘവത്തോടെ വിഷയം സ്വീകരിച്ചതാണ് പ്രശ്നമായത്. പണം തിരികെ ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് പൊലീസിൽ പരാതി നൽകിയതെന്നും കൃഷ്ണകുമാർ പറഞ്ഞു.
"എന്തെങ്കിലും തട്ടിപ്പ് കേസ് വന്നാൽ സ്വാഭാവികമായിട്ടും ആദ്യം തെറ്റുകാരെയാണ് ചോദ്യം ചെയ്യാണ് ചെയ്യുക. തടഞ്ഞുവച്ചു എന്നതിന് എന്താണ് തെളിവുള്ളത്. തങ്ങൾക്കെതിരെ തെളിവുണ്ടെങ്കിൽ അത് പുറത്ത് വിടണം. പൊലീസ് തിടക്കപ്പെട്ടാണോ എനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത് എന്ന് സംശയമുണ്ട്. കൗണ്ടർ കേസ് കൊടുത്തവർക്കെതിരെ ഇതുവരെ നടപടിയില്ല. തങ്ങൾക്കെതിരെ മാത്രമാണ് നടപടി ഉണ്ടായത്. നിഷ്പക്ഷമായ ഒരു അന്വേഷണം നടത്തണം. നിഷ്പക്ഷത അവിടെ മിസ്സിങ് ആണെന്ന് തോന്നുന്നു."
പൊലീസ് സ്റ്റേഷനിൽ പോയിട്ട് നീതി ലഭിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയപ്പോഴാണ് നടപടി ഉണ്ടായതെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. ധൈര്യമായി പോകാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞത്. വിശദമായ അന്വേഷണത്തിന് ശേഷമേ നടപടി ഉണ്ടാകു എന്നും അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനോട് കടപ്പെട്ടിരിക്കുന്നുവെന്നും കൃഷ്ണകുമാർ പറഞ്ഞു.
"ഞങ്ങളുടെ ടാക്സ് അപ്ഡേറ്റഡ് ആണ്. എല്ലാ രേഖകളും കൈവശമുണ്ട്. സംഭവസ്ഥലങ്ങളിൽ എത്തി പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ജീവനകാരുടെ പരാതിയിൽ മൊഴി നൽകാൻ പൊലീസ് വിളിച്ചിട്ടുണ്ട്. എന്നാൽ അവർക്കെതിരെ നടപടിയെടുത്തിട്ടുണ്ടോ എന്ന് അറിയില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. സ്വാഭാവികമായ പ്രതികരണങ്ങളാണ് തങ്ങൾ നടത്തിയത്. രാത്രി കാലത്ത് വിളിച്ച് ഭീഷണിപ്പെടുത്തിയാൽ വൈകാരികമായി പെരുമാറുമെന്നും മാനസികമായും സാമ്പത്തികമായും കുടുംബം ബുദ്ധിമുട്ടിലാണ്".
"സ്ഥാപനത്തിൽ ക്യൂആർ നിൽക്കുമ്പോൾ എന്തിന് ഇവരുടെ ക്യൂആർ വിവരങ്ങൾ നൽകണം. പണം കാണാതായപ്പോൾ പലപ്പോഴും സംശയം തോന്നിയിരുന്നു. ദിയ ആശുപത്രിയിൽ നിരന്തരമായി പോകുന്ന സമയത്തായിരുന്നു അത്. ചോദിച്ചപ്പോൾ കസ്റ്റമർ ആരും വന്നില്ല സാധനങ്ങൾ വാങ്ങിയില്ല എന്നായിരുന്നു ജീവനക്കാരുടെ മറുപടി. ഇവർ കൃത്യമായി ജോലി ചെയ്യുന്നുണ്ട് എന്ന് നമ്മൾ വിശ്വസിച്ചു. ആരോപണമുന്നയിക്കാൻ വളരെ സുഖമാണ്". കിട്ടുന്ന പണം ലഭിച്ച് സംഭവം ഒഴിവാക്കാനാണ് ആദ്യം ശ്രമിച്ചതെന്നും കൃഷ്ണകുമാർ പറഞ്ഞു.
ജാതി അധിക്ഷേപം നടത്തിയെന്ന ആരോപണത്തിലും കൃഷ്ണകുമാർ പ്രതികരിച്ചു. അങ്ങനെയെങ്കിൽ തനിക്ക് ജാതി നോക്കി ജോലിക്ക് എടുത്താൽ മതിയായിരുന്നില്ലേയെന്ന് കൃഷ്ണകുമാർ ചോദിച്ചു. താൻ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ മേഖലയാണിത്. ഇനി ഭയമാണ്. ആരോപണങ്ങൾ എന്ത് വരും എന്ന് നോക്കി വേണം ഇനി ജോലിക്കാരെ എടുക്കാനെന്ന സ്ഥിതിയാണെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.