ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി. സുധാകരൻ. പിന്തുണ സ്വീകരിക്കുമോ എന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും പിന്തുണ തരാമെന്നു ആരും പറഞ്ഞിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി. പാർട്ടിക്ക് എതിരായല്ല സംസാരിക്കുന്നത്. സർക്കാരിനെതിരെ ഒന്നും പറയില്ല. ഭരണവിരുദ്ധ വികാരത്തെകുറിച്ചു തനിക്ക് അറിയില്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
ചുവര് എഴുതില്ലെന്നും, മണ്ഡലത്തിൽ അല്ലാതെ എവിടെയും പ്രസംഗിക്കാൻ പോകില്ലെന്നും സുധാകരൻ പറഞ്ഞു. അധികാര കൊതി ആണെന്ന ആരോപണത്തിന് മറുപടി, പാർട്ടിക്കാർ മത്സരിക്കുന്നത് കാശിക്കുപോകാൻ ആണോ, സന്യസിക്കാൻ ആണോ എന്നായിരുന്നു ജി. സുധാകരൻ്റെ മറുപടി. പിണറായി മുഖ്യമന്ത്രി ആകുന്നതിൽ സന്തോഷമുണ്ടെന്നും മൂന്നാം പിണറായി സർക്കാർ വരുന്നതിൽ താൽപ്പര്യം ഇല്ലെന്നും സുധാകരൻ വ്യക്തമാക്കി. എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അവരോട് വോട്ട് അഭ്യർഥിക്കുമെന്നും സുധാകരൻ പറഞ്ഞു.
ആറ് പതിറ്റാണ്ടിലേറെ നീണ്ട കമ്യൂണിസ്റ്റ് സംഘടനാ പ്രവർത്തന പാരമ്പര്യമുള്ള മുതിർന്ന നേതാവാണ് ജി. സുധാകരൻ. 1970-ൽ എസ്എഫ്ഐ രൂപീകരിക്കപ്പെട്ടപ്പോൾ ആദ്യത്തെ കേരള സംസ്ഥാന പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1967ൽ പഠനകാലത്ത് തന്നെ സിപിഐഎം അംഗത്വമെടുത്തു. ദീർഘകാലം സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായും കുട്ടനാട്, അമ്പലപ്പുഴ താലൂക്ക് കമ്മിറ്റികളുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
43 വർഷത്തിലേറെ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. 1996, 2006, 2011, 2016 വർഷങ്ങളിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ സഹകരണം, ദേവസ്വം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്ത സുധാകരൻ ഒന്നാം പിണറായി വിജയൻ സർക്കാരിൽ പൊതുമരാമത്ത്, രജിസ്ട്രേഷൻ വകുപ്പുകളുടെ ചുമതലയും വഹിച്ചു. 2022-ലാണ് പ്രായപരിധി മാനദണ്ഡത്തിൽ സുധാകരനെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്.