ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അമ്പലപ്പുഴ മണ്ഡലത്തില്‍ സജീവമായി ജി. സുധാകരന്‍. എംഎസ്എഫ് നടത്തിയ ഇഫ്താര്‍ വിരുന്നില്‍ ജി. സുധാകരന്‍ പങ്കെടുത്തു. അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ജി സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. സിപിഐഎമ്മുമായി ബന്ധം അവസാനിപ്പിക്കുകയാണെന്നും അമ്പലപ്പുഴയില്‍ മത്സരിക്കുമെന്നുമായിരുന്നു ജി. സുധാകരന്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് എംഎസ്എഫ് നടത്തിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത്.
അമ്പലപ്പുഴ വടക്ക് കമ്പിവളപ്പ് വാര്‍ഡ് കമ്മിറ്റിയാണ് ഇഫ്താര്‍ നടത്തിയത്. മുഹമ്മദ് അസ്ലം അനുസ്മരണത്തിലും സൗഹൃദ ഇഫ്താര്‍ സംഗമത്തിലും സുധാകരന്‍ പങ്കെടുത്തു. പിന്നീട് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ടിലും സുധാകരന്‍ പങ്കെടുത്തു.
സിപിഐഎമ്മില്‍ കലാപക്കൊടിയുയര്‍ത്തിയാണ് ജി. സുധാകരന്‍ പാര്‍ട്ടി വിട്ടത്. അനുഭാവിയായി തുടരുമെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ ജി. സുധാകരന്‍ അറിയിച്ചത്. അമ്പലപ്പുഴയില്‍ എച്ച് സലാമിനെ മത്സരിപ്പിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് പാര്‍ട്ടി വിടാനുള്ള തീരുമാനത്തിലേക്കെത്തിയത്. എന്നാല്‍ താന്‍ കുറേ നാളുകളായി ആലപ്പുഴ സിപിഐഎമ്മില്‍ നിന്ന് അവഗണന നേരിടുന്നുവെന്ന് അതുകൊണ്ട് പ്രാഥമിക അംഗത്വം പുതുക്കിയില്ലെന്നും ഇനി പാര്‍ട്ടിയുടെ ഭാഗമല്ലെന്നുമാണ് ജി. സുധാകരന്‍ പറഞ്ഞത്.
ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം സിപിഐഎം ഏരിയാ കമ്മിറ്റി സുധാകരനെതിരെ പൊതു സമ്മേളനവും സംഘടിപ്പിച്ചിരുന്നു. അതേസമയം ജി സുധാകരനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളില്‍ നിന്നുള്ള പൊതുനിലപാട്. ഇതിനിടെയാണ് എംഎസ്എഫ് പരിപാടിയില്‍ ജി. സുധാകരന്‍ എത്തിയത്.
സിപിഐഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ എച്ച്. സലാമിനെ തന്നെ അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു.