ആലപ്പുഴ: നിയമസഭയിലെ സിപിഐഎം നേതാക്കളെ പരിഹസിച്ച് അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. സഭയില്‍ പിണറായി വിജയന്‍ നനഞ്ഞ കോഴിയാണെന്ന് സുധാകരൻ പറഞ്ഞു. കെ.എൻ. ബാലഗോപാലിന് സഭയിൽ മിണ്ടാട്ടമില്ലെന്നും സഭയിലെ പ്രകടനത്തിൽ തനിക്ക് സങ്കടം തോന്നിയെന്നും ജി. സുധാകരൻ പരിഹസിച്ചു.
വി.ഡി. സതീശനെതിരെ പറയാൻ ഒരു നേതാക്കൾക്കും കഴിയുന്നില്ല. സഭയിൽ നിന്ന് എഴുന്നേറ്റ് പറയാൻ ആരെങ്കിലും വേണ്ടേയെന്നും തോമസ് ഐസക് ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലുമൊക്കെ പറഞ്ഞേനെ എന്നും, സുധാകരൻ വ്യക്തമാക്കി.
ഇടത്തോട്ടു മുണ്ടുടുത്താൽ മാത്രം ഇടതുപക്ഷമോ, വലത്തോട്ട് ഉടുത്താൽ വലതുപക്ഷമോ ആകില്ല. ആലപ്പുഴ നഗരസഭയിൽ ചെയർപേഴ്‌സൺ ആയി ഒരു സ്ത്രീയെ കൊണ്ട് വന്നു. പിന്നീട് അവരെ മാറ്റി മറ്റൊരുത്തിയെ കൊണ്ടുവന്നു. അതുകൊണ്ട് എൽഡിഎഫിന് ഭരണം നഷ്ടമായി എന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
ഊന്നുവടിയിൽ നടക്കുന്ന സിപിഐഎം പറയുന്നത് കോൺഗ്രസ് ചെളിക്കുണ്ടിലാണ് എന്നാണ്. എന്നാൽ കേരളത്തിൽ ഇപ്പോൾ കോൺഗ്രസിൻ്റെ സുവർണ കാലഘട്ടമാണ്. കോൺഗ്രസ് കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാർട്ടി ലീഗാണ് എന്നും സുധാകരൻ പറഞ്ഞു. അതേസമയം, സിപിഐഎമ്മിൻ്റെ ക്രെഡിബിലിറ്റി നഷ്ടപ്പെട്ടു എന്നും അടുത്തകാലത്തൊന്നും സിപിഐഎം നന്നാകാൻ പോകുന്നില്ലെന്നും ജി. സുധാകരൻ കൂട്ടിച്ചേർത്തു.