കാഞ്ഞങ്ങാട് മറിഞ്ഞ ടാങ്കർ ലോറി Source: News Malayalam 24x7
KERALA

കാഞ്ഞങ്ങാട് മറിഞ്ഞ ടാങ്കറിൽ വാതക ചോർച്ച; പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു

മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനിടെയാണ് ചോർച്ച ഉണ്ടായത്

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: കാഞ്ഞങ്ങാട് മറിഞ്ഞ ടാങ്കറിൽ വാതക ചോർച്ച. മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനിടെയാണ് ചോർച്ച ഉണ്ടായത്. വാൾവ് പൊട്ടിയതാണ് ചോർച്ചയ്ക്ക് കാരണം. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും 500 മീറ്റർ ചുറ്റളവിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കുകയും ചെയ്തു. മറിഞ്ഞ ടാങ്കർ ഉയർത്തുന്നതിനാൽ ഇന്നു രാവിലെ 9 മുതൽ പ്രദേശത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

വീടുകളിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിക്കാനോ, അടുപ്പ് കത്തിക്കാനോ, പുകവലിക്കാനോ പാടില്ല. ഇന്റവേർട്ടറും ഉപയോഗിക്കരുത്. വാഹനം സ്റ്റാർട്ട് ചെയ്യരുതെന്നും നിർദേശമുണ്ട്. കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങോത്ത് വരെ പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകൾ, അങ്കണവാടികൾ, കടകൾ ഉൾപ്പെടെയുള്ളവയ്ക്ക് അവധി ബാധകമാണ്. അപകടം നടന്ന സ്ഥലത്ത് വിഡിയോ ചിത്രീകരിക്കരിക്കുന്നതിനും പൊതുജനങ്ങൾ പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് എതിരെ വന്ന സ്വകാര്യ ബസിന് സൈഡ് നൽകുന്നതിനിടെ ടാങ്കർ ലോറി അപകടത്തിൽപ്പെട്ടത്. ദേശീയപാതയിൽ കാഞ്ഞങ്ങാട് കൊവ്വൽ സ്റ്റോറിൽ ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്. മംഗളൂരുവിൽ നിന്നു കോയമ്പത്തൂരിലേക്ക് പാചക വാതകവുമായി പോകുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. ദേശീയപാതയിൽ സർവീസ് റോഡിലൂടെ പോകുകയായിരുന്നു ടാങ്കർ ലോറി. പ്രധാന റോഡിലേക്ക് കയറുന്നതിനിടെ പെട്ടെന്ന് സ്വകാര്യ ബസ് എതിരെ വരികയായിരുന്നു.അപകടത്തിൽ ഡ്രൈവർ തമിഴ്നാട് തിരുച്ചി സ്വദേശി സുരേഷിന് പരിക്കേറ്റിട്ടുണ്ട്.

SCROLL FOR NEXT