കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവിൽ മലയാളി വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള 40ലധികം പേരാണ് കാഠ്മണ്ഡുവിന് അടുത്തുള്ള ഗൗശാലയിൽ കുടുങ്ങിയത്. മലയാളി സംഘം താമസിക്കുന്ന സ്ഥലത്ത് ഉൾപ്പെടെ ടയർ കത്തിച്ച് പ്രതിഷേധം നടക്കുകയാണ്. നേപ്പാളിലെ പ്രതിഷേധ സംഭവങ്ങൾ അറിയാതെ ഇന്നലെയാണ് മലയാളി സംഘം കാഠ്മണ്ഡുവിൽ എത്തിയത്. സംഘത്തിൽ വയോധികർ ഉൾപ്പെടെയുണ്ടെന്നാണ് വിവരം.
അതേസമയം, സമൂഹ മാധ്യമ നിരോധനം നീക്കിയിട്ടും നേപ്പാളിൽ പ്രക്ഷോഭം ആളിപ്പടരുന്നു. പല ഭാഗങ്ങളിലും പുതിയ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടതോടെ നേപ്പാളിൽ സംഘർഷാവസ്ഥ രൂക്ഷമായി തുടരുകയാണ്. തുടർച്ചയായ രണ്ടാം ദിവസവും പ്രതിഷേധക്കാർ മാർച്ച് നടത്തി. വാർത്താവിനിമയ മന്ത്രിയുടെ വസതിക്ക് തീയിട്ടു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ ന്യൂ ബനേശ്വറിലെ പാർലമെൻ്റ് മന്ദിരത്തിന് പുറത്ത് തമ്പടിച്ചതോടെ കനത്ത സുരക്ഷയാണ് പാർലമെൻ്റിന് പുറത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതിഷേധം ശക്തമായതോടെ നേപ്പാൾ ആഭ്യന്തര വകുപ്പ് മന്ത്രിക്ക് പിന്നാലെ കൃഷിമന്ത്രി രാംനാഥ് അധികാരിയും, ആരോഗ്യമന്ത്രിയും രാജിവച്ചു. ജെൻ സി പ്രതിഷേധത്തിൻ്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു രാജി. പ്രക്ഷോഭം കൂടുതൽ രൂക്ഷമാകുന്നത് കണക്കിലെടുത്ത് കാഠ്മണ്ഡുവിൽ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, നേപ്പാളിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.