Source: Files
KERALA

പിഎം ശ്രീയിൽ കേന്ദ്ര നിബന്ധനകൾ മറികടക്കാമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോർട്ട്; എല്ലാ വശവും പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി

കേന്ദ്ര നിബന്ധനകളിൽ പാഠ്യപദ്ധതി നിർബന്ധമില്ല, എസ്‌സിഇആർടി പാഠപുസ്തകങ്ങൾ പഠിപ്പിച്ചാൽ മതിയാകുമെന്ന് റിപ്പോർട്ടിൽ...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പിഎം ശ്രീയിൽ കേന്ദ്ര സർക്കാർ നിബന്ധനകൾ മറികടക്കാം എന്ന് വിദ്യാഭ്യാസ മന്ത്രിക്ക് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോർട്ട്. കേന്ദ്ര നിബന്ധനകളിൽ പാഠ്യപദ്ധതി നിർബന്ധമില്ല. എസ്‌സിഇആർടി പാഠപുസ്തകങ്ങൾ പഠിപ്പിച്ചാൽ മതിയാകും. നിബന്ധനകൾ പാലിക്കേണ്ടി വരിക സ്കൂളുകൾക്ക് മുന്നിൽ സ്ഥാപിക്കുന്ന പിഎം ശ്രീ ബോർഡിൽ മാത്രമെന്നും, അതിൽ പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്എസ്കെ ഫണ്ട് സംസ്ഥാനത്തിന് അനിവാര്യമെന്നും റിപ്പോർട്ടിൽ പറയുന്നു.

പൊതുവിദ്യാഭ്യാസ മന്ത്രിയായി എൻ. ഷംസുദ്ദീൻ ചുമതലയേറ്റതിന് പിന്നാലെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് പിഎം ശ്രീയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് സെക്രട്ടറി ഈ റിപ്പോർട്ട് മന്ത്രിക്ക് കൈമാറിയത്.

അതേസമയം, പിഎം ശ്രീയിൽ പെട്ടെന്ന് തീരുമാനമെടുക്കാനാകില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ പ്രതികരിച്ചു. എല്ലാ വശവും പരിശോധിച്ചാകും തീരുമാനമെടുക്കുക. പിഎം ശ്രീയിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചു. സാമ്പത്തിക വശങ്ങൾ പരിശോധിച്ച ശേഷമാകും തീരുമാനമെടുക്കുക. പിഎം ശ്രീയിൽ അടിയന്തര സാഹചര്യമില്ല. കഴിഞ്ഞ സർക്കാർ ഒപ്പിട്ട കരാറാണിത്. സർക്കാർ എപ്പോഴും തുടർച്ചയാണെന്നും മന്ത്രി പറഞ്ഞു.

മുൻപേ എതിർത്ത കാര്യങ്ങളാണ് യുഡിഎഫ് സർക്കാർ ഇപ്പോൾ നടപ്പാക്കി കൊണ്ടിരിക്കുന്നതെന്നും ഇത് ഇരട്ടത്താപ്പാണെന്നും മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ന്യൂസ് മലയാളത്തോട് പറഞ്ഞു. കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പിട്ടെങ്കിലും സിപിഐയുടെ എതിർപ്പിനെ തുടർന്ന് കരാർ മരവിപ്പിച്ചിരുന്നു. പ്രതിവർഷം 1400 മുതൽ 1500 കോടി രൂപയാണ് കേന്ദ്ര ഫണ്ടായി എസ്എസ്കെയ്ക്ക് ലഭിക്കേണ്ടത്.

SCROLL FOR NEXT