ജി. സുകുമാരൻ നായർ Source: Facebook
KERALA

എൻഎസ്എസ് മാന്യമായി പ്രവർത്തിക്കുന്ന പ്രസ്ഥാനം; നായന്മാരുടെ മാറത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ട: ജി. സുകുമാരൻ നായർ

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അംഗീകാരം എൻഎസ്എസിന് ആവശ്യമില്ലെന്നും സുകുമാരൻ നായർ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

കോട്ടയം: എൻഎസ്എസ് മാന്യമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. നല്ലതിനെ എൻഎസ്എസ് അംഗീകരിക്കും. വിശ്വാസം, ആചാരം, എന്നിവ സംരക്ഷിക്കുകയാണ് എൻഎസ്എസിൻ്റെ നിലപാട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അംഗീകാരം എൻഎസ്എസിന് ആവശ്യമില്ലെന്നുംനല്ല അടിത്തറയുള്ള സംഘടനയെ മന്നത്ത് പത്മനാഭൻ ഉണ്ടാക്കി തന്നിട്ടുണ്ടെന്നും സുകുമാരൻ നായർ അറിയിച്ചു.

സുകുമാരൻ നായരുടെ മാറിൽ നൃത്തമാടുന്ന അവസ്ഥയാണ് ഇപ്പോൾ ഉളളത്. അതുപോലെ കേരളത്തിലെ നായന്മാരുടെ മാറത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു. ആചാരത്തിനും, അനുഷ്ഠാനത്തിനും പോറൽ ഏല്പിക്കുന്ന രീതിയിൽ ഗവൺമെൻ്റ് വന്നപ്പോഴാണ് എൻഎസ്എസ് ശബ്ദമുയർത്തിയത്. ഇന്ന് നടന്ന വിജയദശമി സംഗമത്തിലാണ് സുകുമാരൻ നായർ നിലപാട് വ്യക്തമാക്കിയത്.

ശബരിമല വിഷയത്തിൽ ഇപ്പോഴും സുപ്രീം കോടതി ഒമ്പത് അംഗ ബഞ്ചിൽ എൻഎസ്എസിൻ്റെ കേസ് ഉണ്ട്. ശബരിമലയിൽ ആചാര അനുഷ്ടാനങ്ങൾ ദേവസ്വം ബോർഡ് സംരക്ഷിച്ചു വരുന്നു. ഈ സന്ദർഭത്തിൽ ശബരിമലയിൽ വികസനം കൂടി വേണം. അതുകൊണ്ടാണ് അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് പ്രതിനിധി പങ്കെടുത്തത് എന്നും സുകുമാരൻ നായർ അറിയിച്ചു.

എന്നാൽ ഈ വിഷയം രാഷ്ട്രീയവൽക്കരിക്കാനാണ് ശ്രമം നടക്കുന്നത്. രാഷ്ട്രീയമായി സമദൂരത്തിലാണ് പക്ഷെ സമദൂരത്തിൽ ശരിദൂരം കണ്ടെത്തി. എൻഎസ്എസിനെ കമ്മ്യൂണിസ്റ്റും, കോൺഗ്രസ്സും, ബി ജെപിയുമാക്കാൻ ആരും ശ്രമിക്കരുത്. എൻഎസ്‌എസ് മാന്യമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി. തനിക്കെതിരെ ഫ്ളക്സ് വന്നതിന് പിന്നിൽ ചില മാധ്യമങ്ങളാണ് എന്നും, ഇതിന് തെളിവുകൾ ഉണ്ടെന്നും സുകുമാരൻ നായർ അറിയിച്ചു. അയ്യപ്പ സംഗമത്തിന് പിന്നാലെ വിഷയം വഷളാക്കിയത് ചാനലുകളാണെന്നും സുകുമാരൻ നായർ പറഞ്ഞു.

SCROLL FOR NEXT