കൊച്ചി: ഇന്ത്യയിലെ പത്ത് മത്സ്യ-ചെമ്മീൻ ഇനങ്ങൾക്ക് ആഗോള സർട്ടിഫിക്കേഷഷൻ നടപടികൾ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നു. ആഴക്കടൽ ചെമ്മീൻ, തീരച്ചെമ്മീൻ, കണവ, കൂന്തൽ, കിളിമീൻ, ഞണ്ട്, നീരാളി ഉൾപ്പെടെയുള്ള ഇനങ്ങളുടെ ശാസ്ത്രീയ വിലയിരുത്തലുകൾ ഉടനെ പൂർത്തിയാക്കും. ആഗോള അംഗീകാരമുള്ള മറൈൻ സ്റ്റിവാർഡ്ഷിപ്പ് കൗൺസിൽ (എംഎസ്‌സി) സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള നടപടികളാണ് അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നത്.
എംഎസ്‌സി സർട്ടിഫൈഡ് സമുദ്രോൽപന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണികളിൽ 30% വരെ വില കൂടുതൽ ലഭിക്കുന്നുണ്ടെന്നും ഇത് ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി സാധ്യത വർധിപ്പിക്കുമെന്നും എംഎസ്‌സി ഇന്ത്യ കൺസൾട്ടന്റ് ഡോ. രഞ്ജിത് ശുശീലൻ പറഞ്ഞു. എംഎസ്‌സിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന വേൾഡ് ഫുഡ് ഇന്ത്യയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനം (സിഫ്ട്) തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളും സീഫുഡ് എക്‌സ്‌പോർട്ടേർസ് അസോസിയേഷനനുമടങ്ങുന്ന വിവിധ ഏജൻസികളുടെ പിന്തുണയോടെയാണ് സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കുന്നത്.
ഭാവിയിൽ, സർട്ടിഫിക്കേഷൻ നേടുന്നതിനും സുസ്ഥിരത ഉറപ്പാക്കുന്നതിനും ഫണ്ട് വകയിരുത്താൻ കേന്ദ്ര സർക്കാറിന് പദ്ധതിയുണ്ടെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് സീനിയർ ഉദ്യോഗസ്ഥൻ ഡോ. നീലേഷ് പവാർ പറഞ്ഞു. പ്രധാനമന്ത്രി മത്സ്യസമ്പദ യോജന രണ്ടാം ഘട്ടത്തിലാണ് പണം വകയിരുത്തുക. സർട്ടിഫിക്കേഷന് ആവശ്യമായ ഗവേഷണം, വിലയിരുത്തൽ തുടങ്ങിയവ നടത്തുന്നതിനുള്ള സാമ്പത്തിക ചിലവിനാണ് ഇത് ഉപയോഗിക്കുക. സുസ്ഥിര സർട്ടിഫിക്കേഷന് ആവശ്യമായ ഗവേഷണങ്ങൾ നടത്തുന്നതിന് സിഎംഎഫ്ആർഐ തയ്യാറാണെന്ന് ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു.
അന്താരാഷ്ട്ര സർട്ടിഫിക്കേഷൻ ലഭിക്കുന്നതിലൂടെ സമുദ്രോൽപന്നങ്ങൾക്ക് വിദേശ വിപണിയിൽ കൂടുതൽ സ്വീകാര്യത ലഭിക്കും. വിദേശ ഉപഭോക്താക്കൾക്കിടിയിൽ സ്വീകാര്യത ലഭിക്കാനിടയായാൽ അമേരിക്കയുടെ തീരുവ ഭീഷണി മറികടക്കാനാകുമെന്നാണ് സീഫുഡ് കയറ്റുമതി രംഗത്തുള്ളവർ കരുതുന്നത്. അമിത മത്സ്യബന്ധനം കുറച്ച് മത്സ്യമേഖലയിൽ സുസ്ഥിര രീതികൾ നടപ്പിലാക്കാൻ ഇത്തരം സർട്ടിഫിക്കേഷൻ ഉപകരിക്കും.