KERALA

വീണ്ടും സ്വര്‍ണം പൊട്ടിക്കല്‍? വിമാനത്താവളത്തില്‍നിന്ന് ദമ്പതികളെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നു; കേസെടുത്ത് പൊലീസ്

പരാതിയില്‍ അന്വേഷണം ആരംഭിച്ചതായും, ദമ്പതികളുടെ മൊഴിയില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പൊലീസ്

Author : ന്യൂസ് ഡെസ്ക്

ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ ദമ്പതികളെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നതായി പരാതി. വിമാനത്താവളത്തില്‍വച്ച് മൂന്നംഗ സംഘം ദമ്പതികളെ തട്ടിക്കൊണ്ടുപോയി. സ്വര്‍ണം തട്ടിയെടുത്തശേഷം ചേര്‍ത്തലയില്‍ ഇറക്കിവിട്ടു. പിന്നാലെ മറ്റൊരു സംഘം സ്വര്‍ണം ആവശ്യപ്പെട്ട് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതോടെയാണ് ദമ്പതികള്‍ വലിയതുറ പൊലീസില്‍ പരാതി നല്‍കിയത്.

ഇക്കഴിഞ്ഞ 17നായിരുന്നു സംഭവം. സുഹൃത്ത് വഴി ദുബായിയില്‍വച്ച് പരിചയപ്പെട്ടയാള്‍, മറ്റൊരാള്‍ക്ക് നല്‍കാനായി ഏഴര പവന്‍ സ്വര്‍ണം ദമ്പതികളുടെ കൈയില്‍ കൊടുത്തുവിട്ടിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ മെഹ്‌റൂഫ് എന്നയാള്‍ എത്തി സ്വര്‍ണം വാങ്ങുമെന്നായിരുന്നു പറഞ്ഞിരുന്നത്. ചെക്കിങ് കഴിഞ്ഞ് രാവിലെ 5.45ഓടെ പുറത്തിറങ്ങിയപ്പോള്‍, മെഹ്‌റൂഫിന്റെ ആളാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ആള്‍ വന്ന് വീട്ടില്‍ ആക്കിത്തരാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി. ഭീഷണിപ്പെടുത്തി എട്ട് ലക്ഷത്തോളം വില വരുന്ന സ്വര്‍ണാഭരങ്ങള്‍ തട്ടിയെടുത്തശേഷം ചേര്‍ത്തലയില്‍ ഇറക്കിവിട്ടു. പിന്നാലെ സ്വര്‍ണം ആവശ്യപ്പെട്ട് മറ്റൊരു സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് 25ന് ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയില്‍ അന്വേഷണം ആരംഭിച്ചതായും, ദമ്പതികളുടെ മൊഴിയില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. സ്വർണം പൊട്ടിക്കൽ സംഘങ്ങളുമായി സംഭവത്തിന് ബന്ധമുണ്ടോ എന്നതുള്‍പ്പെടെ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.

SCROLL FOR NEXT