പാലക്കാട്: ചിറ്റൂരിൽ കുളത്തിൽ വീണ് മരിച്ച കുട്ടിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ ധന സഹായം നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. സംഭവത്തിൽ മന്ത്രി ദുഃഖം രേഖപ്പെടുത്തി. ചിറ്റൂർ നഗരസഭ ചെയർമാൻ സുമേഷ് അച്യുതനെ ഫോണിൽ വിളിച്ചാണ് മന്ത്രി ധനസഹായം നൽകുമെന്ന് അറിയിച്ചത്. അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ചിറ്റൂരിൽ നിന്ന് ഇന്നലെ കാണാതായ ആറു വയസുകാരൻ്റെ മൃതദേഹം വീടിന് സമീപത്തുള്ള കുളത്തിൽ നിന്നാണ് കണ്ടെടുത്തത്. സഹോദരനുമായുള്ള തർക്കത്തെ തുടർന്ന് ഇന്നലെ രാവിലെ 11 മണിയോടെ സുഹാൻ വീട്ടിൽ നിന്നിറങ്ങി പോവുകയായിരുന്നു. ശനിയാഴ്ച രാത്രി വരെ കുട്ടിക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ വീണ്ടും വീടിനു സമീപത്തെ കുളത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.
പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന കുഞ്ഞിൻ്റെ മൃതദേഹം ഇന്ന് പോസ്റ്റ്‍മോർട്ടം ചെയ്യും. സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. വിദേശത്തുള്ള സുഹാൻ്റെ പിതാവ് മുഹമ്മദ് അനസും ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്.