തിരുവനന്തപുരം: കഴിഞ്ഞ 10 വർഷത്തിനിടെ വിവിധ മരുന്നുകൾ വാങ്ങിയ വകയിൽ സ്വകാര്യ കമ്പനികൾക്ക് സർക്കാർ നൽകാനുള്ളത് 165 കോടി രൂപ. 2016 മുതൽ 2026 വരെയുള്ള കാലഘട്ടത്തിലാണ് ഇത്രയും വലിയ തുക നൽകാനുള്ളത്. പതിനായിരങ്ങൾ മുതൽ കോടികൾ വരെയാണ് ഓരോ കമ്പനിക്കും നൽകാനുള്ളത്. അക്യുലൈഫ് ഹെൽത്ത്‌കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് മാത്രം 20.79 കോടിരൂപ നൽകാനുണ്ട്.
യൂണിക്യൂർ ലിമിറ്റഡ് 13.95 കോടി. ഇൻടാസ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന് 12.87 കോടി, വിവേക് ഫാർമകെം ലിമിറ്റഡിന് 12.83 കോടി ബയോകോൺ ബയോളജിക്സ് ലിമിറ്റഡിന് 8.70 കോടി എന്നിങ്ങനെയാണ് കണക്കുകൾ. 2025-26 വർഷത്തിൽ മാത്രം 112 കോടിയുടെ കടം സർക്കാരിനുണ്ട്. ആരോഗ്യമന്ത്രി നിയമസഭയിൽ നൽകിയ രേഖയിലാണ് ബാധ്യത കണക്കുകളുള്ളത്.