തൃശൂര്‍ പൂരം കലക്കല്‍ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മടക്കി 
KERALA

റിപ്പോർട്ടിൽ അവ്യക്തത, തെളിവുകളുടെ അഭാവം; തൃശൂര്‍ പൂരം കലക്കല്‍ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മടക്കി

2024 ലെ തൃശൂര്‍ പൂരം കലക്കല്‍ കേസില്‍ ആരോപണ വിധേയനായ എഡിജിപി എം. ആര്‍. അജിത് കുമാറിനെതിരെ ദുര്‍ബല പരാമര്‍ശം മാത്രമാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മടക്കി. റിപ്പോർട്ടിൽ അവ്യക്തതയും തെളിവുകളുടെ അഭാവവും ഉണ്ടെന്ന് കാട്ടിയാണ് ആഭ്യന്തരവകുപ്പ് റിപ്പോർട്ട് തള്ളിയത്. പൊലീസ് വീഴ്ച്ച സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ലെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കി. പുതിയ റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

2024 ലെ തൃശൂര്‍ പൂരം കലക്കല്‍ കേസില്‍ ആരോപണ വിധേയനായ എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ ദുര്‍ബല പരാമര്‍ശം മാത്രമാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. തിരുവമ്പാടി ദേവസ്വത്തിലേതടക്കം 10 പേര്‍ക്കെതിരേ മതവിശ്വാസത്തെ വ്രണപ്പെടുത്തിയതിനുള്ള ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുക്കാനായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. എന്നാല്‍ പൂരത്തിലെ സംഘാടകര്‍ക്കെതിരെ കേസെടുക്കാൻ ആകില്ലെന്ന നിലപാടിലാണ് ആഭ്യന്തരവകുപ്പ്. പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഏത് ഉദ്യോഗസ്ഥന് എന്തുതരം വീഴ്ചയാണ് ഉണ്ടായതെന്ന് വ്യക്തമാക്കിയിട്ടില്ല.

വീഴ്ച വരുത്തിയവര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമില്ല. എഡിജിപി എം.ആര്‍ അജിത് കുമാര്‍ സ്ഥലത്തുണ്ടായിരുന്നിട്ടും ഫോണ്‍ എടുക്കാതിരുന്നത് അടക്കം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. വ്യക്തത കുറവുള്ള റിപ്പോർട്ട് മാറ്റി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരിൻ്റെ കാലത്ത് ഏറെ വിവാദമായ പൂരം കലക്കല്‍ കേസില്‍ എഡിജിപി എം.ആര്‍ അജിത്കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് 2024 ല്‍ ആഭ്യന്തര വകുപ്പ് തള്ളിയിരുന്നു. തുടര്‍ന്നാണ് മുന്‍ സര്‍ക്കാരിൻ്റെ കാലത്ത് ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിൻ്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

SCROLL FOR NEXT