പത്തനംതിട്ട: സ്മാർട്ട് ഡയറി പദ്ധതിയിൽ ഉൾപ്പെട്ട യുവ കർഷകരെ സർക്കാർ കബളിപ്പിച്ചെന്ന് പരാതി. ക്ഷീര വികസന വകുപ്പിനെ വിശ്വസിച്ച് ഫാം തുടങ്ങിയ കർഷകർ ഇപ്പോൾ കടക്കണിയിലാണ്. 40 % സബ്സിഡി ക്ഷീര വികസന വകുപ്പ് വാഗ്ദാനം ചെയ്തെങ്കിലും ഒരു രൂപ പോലും കിട്ടിയില്ലെന്നാണ് ആരോപണം.
എംഎസ്ഡിപി പദ്ധതിപ്രകാരം 2024 - 25 വർഷത്തെ പത്തനംതിട്ട ജില്ലയിലെ ഗുണഭോക്താവായിരുന്നു അടൂർ നെല്ലിമുകൾ സ്വദേശിനി അശ്വതി. യുവസംരംഭകർക്കായി ക്ഷീര വികസന വകുപ്പ് ഒരുക്കിയതാണ് പദ്ധതി. പത്ത് പശുക്കളെ ഉൾപ്പെടുത്തി ഫാം തുടങ്ങണം. ആകെ വരുന്ന ചെലവിന്റെ 40 % സർക്കാർ വഹിക്കും. 11,60,000 രൂപയായിരുന്നു ആകെ ചിലവ്. 4,64,000 രൂപ സബ്സിഡി ലഭിക്കണം. എന്നാൽ ഒരു രൂപ പോലും ഇതുവരെ ലഭിച്ചില്ല. പദ്ധതി താത്ക്കാലികമായി നിർത്തിവെച്ചെന്നാണ് അന്വേഷിച്ചപ്പോൾ ലഭിച്ച മറുപടി.
വകുപ്പ് മന്ത്രിക്ക് പരാതി നൽകിയെങ്കിലും ഫലം ഉണ്ടായില്ല. പദ്ധതി പ്രകാരം അശ്വതിയെ തെരഞ്ഞെടുത്തിട്ടില്ല എന്നായിരുന്നു ക്ഷീര വികസന ഡയറക്ടർ നൽകിയ മറുപടി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ക്ഷീര വികസന വകുപ്പ് ജില്ലാ ഓഫീസർ നേരിട്ട് വീട്ടിലെത്തിയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുത്തതായി അറിയിച്ചത്. പതിനൊന്നര ലക്ഷത്തിൽ അധികം രൂപ ചെലവഴിച്ചു ഫാം ആരംഭിച്ച ശേഷമാണ് പറക്കോട് ക്ഷീരവികസന വകുപ്പ് ബ്ലോക്ക് ഓഫീസിൽ നിന്ന് താൽക്കാലികമായി പദ്ധതി നിർത്തിവച്ച അറിയിപ്പ് ലഭിക്കുന്നത്.
സർക്കാർ വാഗ്ദാനം വിശ്വസിച്ച് ചതിക്കപ്പെട്ടെന്ന് അശ്വതിയും കുടുംബവും പറയുന്നു. ലഭിക്കുന്ന വരുമാനം പലിശ അടക്കാൻ മാത്രമാണ് തികയുന്നത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മറ്റു ചിലർക്ക് പണം നൽകിയെന്നാണ് ആരോപണം. പദ്ധതി പുനരാരംഭിക്കുമ്പോൾ ആദ്യ ഉപഭോക്താവ് എന്ന നിലയിൽ തെരഞ്ഞെടുക്കാമെന്ന ഉറപ്പും പാഴ്‌വാക്കായി.