രാജ്ഭവനിലെ പരിപാടികളിൽ ഭാരതാംബ ചിത്രം ഒഴിവാക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗവർണർ Source: Facebook/ Binoy Viswasm, Governor of Kerala
KERALA

"ഗവർണർ പദവി തന്നെ ഇന്ത്യക്ക് ആവശ്യമില്ല"; ഭാരതാംബ വിവാദത്തിൽ നിലപാട് കടുപ്പിച്ച് സിപിഐ; സർക്കാരുമായി പോരിനില്ലെന്ന് ഗവർണർ

ഭാരതാംബയുടെ പ്രതീകം ദേശീയ പതാകയാണെന്ന് പ്രഖ്യാപിച്ച് ജൂണ്‍ ഏഴിന് ദേശീയ പതാക ഉയര്‍ത്തി വൃക്ഷത്തൈകള്‍ നടാനൊരുങ്ങുകയാണ് സിപിഐ

Author : ന്യൂസ് ഡെസ്ക്

ഭാരതാംബയുടെ പ്രതീകം ദേശീയ പതാകയാണെന്ന് പ്രഖ്യാപിച്ച് ദേശീയ പതാക ഉയര്‍ത്തി വൃക്ഷത്തൈകള്‍ നടാനൊരുങ്ങി സിപിഐ. ജൂണ്‍ 7 ന് ദേശീയ പതാക ഉയര്‍ത്തി അതിനു മുന്‍പില്‍ വൃക്ഷത്തൈകള്‍ നടണമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആഹ്വാനം ചെയ്തത്. ആ തൈകള്‍ ദേശീയ ഐക്യത്തിന്റെ വൃക്ഷങ്ങളായി പരിപാലിച്ച് വളര്‍ത്താനും പാര്‍ട്ടി ഘടകങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് സംസ്ഥാന സെക്രട്ടറി പാര്‍ട്ടി ബ്രാഞ്ചുകളോട് നിര്‍ദേശിച്ചു.

രാജ്ഭവനിൽ നിന്ന് ഭാരതാംബ ചിത്രം മാറ്റില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുമ്പോഴും സർക്കാരുമായി പോരിനില്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. നിലപാട് വ്യക്തമാക്കി കഴിഞ്ഞെന്നും രാജ്ഭവൻ വിശദീകരിക്കുന്നു. എന്നാൽ ഗവർണർ പദവി തന്നെ ഇന്ത്യക്ക് ആവശ്യമില്ലെന്ന് പറഞ്ഞ് നിലപാട് കടുപ്പിക്കുയാണ് സിപിഐ.

രാജ് ഭവനെ ആർഎസ്എസിൻ്റെ ക്യാമ്പ് ഓഫീസാക്കി മാറ്റാൻ ശ്രമിക്കുന്നെന്നാണ് സിപിഐ നേതാവ് ബിനോയ്‌ വിശ്വത്തിൻ്റെ ആരോപണം. ഗവർണർ പദവി തന്നെ ഇന്ത്യക്ക് ആവശ്യമില്ല. ഗവർണർ പദവിയെ രാഷ്ട്രീയ ചട്ടുകം ആക്കി മാറ്റുന്നു. മുഖ്യമന്ത്രി നേരിട്ട് അതൃപ്തി അറിയിക്കണോ എന്നത് ചർച്ചാവിഷയമാക്കേണ്ട കാര്യമാണെന്നും ബിനോയ്‌ വിശ്വം പറഞ്ഞു.

രാജ്ഭവനിലെ പരിപാടികളിൽ ഭാരതാംബ ചിത്രം ഒഴിവാക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗവർണർ. ഇതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നിലപാട്. എന്നാൽ ഇതിന്റെ പേരിൽ സർക്കാരുമായി പോരാട്ടത്തിനില്ല. വിവാദവുമായി ബന്ധപ്പെട്ട തുടർനടപടികളിലേക്ക് രാജ്ഭവൻ കടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അതേസമയം ഭാരതാംബ ചിത്രത്തിലെ ആർഎസ്എസ് അജണ്ട ചർച്ചയാക്കാനാണ് സിപിഐ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ക്യാമ്പയിന് ഉടൻ തുടക്കം കുറിക്കും. ഭരണഘടനാ പദവിയിലിരിക്കുന്ന ഗവർണർ നടത്തുന്നത് രാഷ്ട്രീയ നീക്കമെന്നാണ് സിപിഐഎമ്മിന്റെയും സിപിഐയുടെയും നിലപാട്. ആർഎസ്എസ് സൈദ്ധാന്തികൻ എസ്. ഗുരുമൂർത്തിയെ രാജ്ഭവനിൽ കൊണ്ടുവന്ന് പ്രഭാഷണം നടത്തിയതും ഇതിൻ്റെ ഭാഗമെന്നാണ് വിലയിരുത്തൽ.

SCROLL FOR NEXT