തൃശൂർ: സംസ്ഥാനത്ത് നാഷണൽ ഹെൽത്ത് മിഷനിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ സേവന കാലാവധി സർക്കാർ വെട്ടിച്ചുരുക്കി. ഒരു വർഷത്തേക്ക് പുതുക്കാറുള്ള കരാർ മൂന്ന് മാസമായാണ് ചുരുക്കിയത്. എൻഎച്ച്എം സംസ്ഥാന ഡയറക്ടറുടെ ഉത്തരവിന്റെ പകർപ്പ് പുറത്ത് വന്നു. ആരോഗ്യ മന്ത്രിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഉത്തരവിൽ പറയുന്നത്. ഇതു സംബന്ധിച്ച സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ സർക്കുലർ കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്.
ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ, ഉൾപ്പെടെ 17,000ത്തോളം എൻഎച്ച്എം ജീവനക്കാരാണ് ഉള്ളത്. എൻഎച്ച്എമ്മിന് കീഴിൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പ്രവർത്തിക്കുന്നത് ആശാധാര, ആർദ്രം, ശലഭം, ഉൾപ്പെടെ 25ഓളം പദ്ധതികളാണ്. കേന്ദ്ര സർക്കാർ 60% വും കേരള സർക്കാർ 40% വും നിരക്കിലാണ് എൻഎച്ച്എമ്മിനായി പണം ചിലവഴിക്കുന്നത്.
സംസ്ഥാനത്തെ എൻഎച്ച്എം ചരിത്രത്തിൽ ഇതാദ്യമാണ് ഇത്തരമൊരു നടപടിയെന്ന് ജീവനക്കാരുടെ സംഘടന പ്രതികരിച്ചു. 19 വർഷമായി പ്രവർത്തിക്കുന്ന തൊഴിലാളികളെ ഒഴിവാക്കാനാണ് നീക്കമെന്ന് സിഐടിയു ആരോപിച്ചു. പകരം സർക്കാരിന്റെ ഇഷ്ടക്കാരെ തിരുകി കയറ്റാനാണ് നടപടിയെന്നും പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് എൻഎച്ച്എം എംപ്ലോയിസ് ഫെഡറേഷൻ സിഐടിയു പ്രതികരിച്ചു.