Source: News Malayalam 24x7
KERALA

ഡിഎച്ച്എസ് സ്ഥിരനിയമനത്തിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കി സർക്കാർ; തെരഞ്ഞെടുക്കുക ഹെൽത്ത് സെക്രട്ടറി ഉൾപ്പെടെയുള്ള സമിതി

ഡോ. മീനാക്ഷി, ഡോ. ഷിനു, ഡോ. സക്കീന എന്നിവരാണ് മുൻഗണന പട്ടികയിൽ ഉള്ളത്...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഡിഎച്ച്എസ് സ്ഥിരനിയമനത്തിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കി സർക്കാർ. ഹെൽത്ത് സെക്രട്ടറി ഉൾപ്പെടെ അടങ്ങുന്ന സമിതിയാണ് ഡിഎച്ച്എസിനെ തെരഞ്ഞെടുക്കുക. ഡോ. മീനാക്ഷി, ഡോ. ഷിനു, ഡോ. സക്കീന എന്നിവരാണ് മുൻഗണന പട്ടികയിൽ ഉള്ളത്. അതേസമയം നിലവിലെ എഡിഎച്ച്എസുകളിൽ സീനിയറായ ബി. ഉണ്ണികൃഷ്ണന്റെ പേര് പരിഗണന പട്ടികയിൽ പോലും ഇല്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

നിലവിൽ സർക്കാർ അധിക ചുമതല നൽകിയ ഡിഎച്ച്എസ് ഡോ. മീനാക്ഷി, ക്ഷയരോഗ നിയന്ത്രണം അഡീഷണൽ ഡയറക്ടർ ഡോ. സക്കീന കെ, അഡ്മിനിസ്ട്രേഷൻ ആൻഡ് ട്രെയിനിങ് ചുമതലയുള്ള എഡിഎച്ച്എസ് ഡോ. ഷിനു, പബ്ലിക് ഹെൽത്ത് ചുമതലയുള്ള ഡോ. റീത്ത, തിരുവനന്തപുരം ഡിഎംഒ ഡോ. ബിന്ദു എന്നിവരെയാണ് പ്രധാനമായും ഡിഎച്ച്എസ് തസ്തികയിലേക്ക് പരിഗണിക്കുന്നത്. ഇതിൽ സീനിയോറിറ്റി ലിസ്റ്റിൽ 2027 മെയ് മാസത്തിലാണ് ഡോ. മീനാക്ഷി, സക്കീന, റീത്ത എന്നിവരുടെ റിട്ടയർമെൻറ് വരുന്നത്. ഡോ. ഷിനു 2027 മെയ് 31നും ഡോ. ബിന്ദു 2028 മെയിലും റിട്ടയർ ആകും. ഡിഎച്ച്എസ് സ്ഥാനത്തെത്താൻ ഡോ. ഷിനുവിനാണ് കൂടുതൽ സാധ്യതയെന്നും സൂചനയുണ്ട്.

സീനിയോറിറ്റി കൂടാതെ മറ്റ് അക്കാദമിക് അഡ്മിനിസ്ട്രേറ്റീവ് യോഗ്യതകളും, അഭിമുഖം അടക്കം പരിഗണിച്ചായിരിക്കും സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം. അതേസമയം സുപ്രീം കോടതി വിധിക്ക് പിന്നാലെ ആരോഗ്യവകുപ്പ് പ്ലാനിംഗ് വിഭാഗം എഡിഎച്ച്എസായ ബി. ഉണ്ണികൃഷ്ണനെ ഡിഎച്ച്എസ് തസ്തികയിലേക്ക് പരിഗണിക്കുന്നില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഭിന്നശേഷിക്കാരൻ ആയ ഡോ. ഉണ്ണികൃഷ്ണന്റെ പ്രമോഷൻ 2017 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് സുപ്രീംകോടതി വിധിയിലൂടെ നടപ്പിലാക്കിയത്. ഭിന്നശേഷി സംവരണം അടക്കം പരിഗണിച്ചാൽ സീനിയോരിറ്റി ഡോ. ഉണ്ണികൃഷ്ണനാണ്. ഇതുവരെയുള്ള പ്രൊമോഷൻ നിയമ പോരാട്ടം വഴി നേടിയെടുത്ത വ്യക്തിയാണ് ഡോ. ഉണ്ണികൃഷ്ണൻ. ഡിഎച്ച്എസ് വിഷയത്തിലും അദ്ദേഹം നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഡിഎച്ച്എസ് സ്ഥാനത്തെ ചൊല്ലി ആരോഗ്യവകുപ്പിൽ വീണ്ടും പ്രതിസന്ധിയുണ്ടാകും. പകർച്ചവ്യാധിയുടെ സാഹചര്യത്തിൽ ഇത്തരം നിയമകുരുക്കുകൾ പൊതുജനാരോഗ്യത്തിന് വെല്ലുവിളിയാണ്. മുൻ ഡിഎച്ച്എസ് കെ.ജെ. റീനയും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിയമപോരാട്ടം തുടരുന്ന സാഹചര്യത്തിൽ ഇരട്ട വെല്ലുവിളികളാണ് വകുപ്പിന് മുന്നിൽ ഉള്ളത്.

SCROLL FOR NEXT