KERALA

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ രാജിവച്ചു; എ.വി. ഗോപിനാഥിനെ ചെയര്‍മാനാക്കാനാണ് നടപടിയെന്ന് സൂചന

എ.വി. ഗോപിനാഥുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ വി.കെ. വിജയന്‍ രാജിവച്ചു. എ.വി. ഗോപിനാഥിനെ ചെയര്‍മാനാക്കാനാണ് രാജിയെന്ന് സൂചന. മാര്‍ച്ച് പതിനാലിനാണ് ചെയര്‍മാന്റെ കാലാവധി തീരുന്നത്. ഇതിനുമുമ്പാണ് തിരക്കിട്ട നീക്കം.

എ.വി. ഗോപിനാഥുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടിയുമായി അകല്‍ച്ചയിലായ എവി ഗോപിനാഥിനെ അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രി നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനമെന്നാണ് സൂചന.

അടുത്ത ദിവസങ്ങളിലായി തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാലോ അല്ലെങ്കില്‍ അതിനു മുമ്പായി നിലവിലുള്ള ചെയര്‍മാന്‍ രാജിവച്ചില്ലെങ്കില്‍ അടുത്തയാളെ സര്‍ക്കാരിന് നിയമിക്കാന്‍ കഴിയാതെ വന്നാലുമുള്ള സാഹചര്യം മുന്നില്‍ കണ്ടാണ് വി.കെ. വിജയനെ രാജിവപ്പിച്ചതെന്നാണ് സൂചന.

അതേസമയം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ലഭിച്ചാല്‍ സ്വീകരിക്കുമെന്ന് എ.വി.ഗോപിനാഥും പറഞ്ഞു. ഗുരുവായൂരപ്പന്റെ ഭക്തനാണ് താനെന്നും അങ്ങനെ ഒരു അവസരം വന്നാല്‍ അത് ഭാഗ്യമായി കരുതുമെന്നും എ.വി.ഗോപിനാഥ് പറഞ്ഞു. മുഖ്യമന്ത്രിയോട് താന്‍ ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും എ.വി. ഗോപിനാഥ് പറഞ്ഞു.

SCROLL FOR NEXT