Source: News Malayalam 24x7
KERALA

കൈനിറയെ പുരസ്കാരങ്ങൾ; വികസന പദ്ധതികളിൽ മുന്നിൽ കൊല്ലയിൽ ഗ്രാമപഞ്ചായത്ത്

ഒരു ദേശീയ പുരസ്‌കാരം, രണ്ട് സംസ്ഥാന സർക്കാർ പുരസ്‌കാരം, ജില്ലാതല പുരസ്‌കാരങ്ങൾ വേറെയും കൊല്ലയിൽ ഗ്രാമപഞ്ചായത്തിന് സ്വന്തം...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിരവധി പുരസ്‌കാരങ്ങളുടെ നിറവിലാണ് കൊല്ലയിൽ ഗ്രാമപഞ്ചായത്ത്. തദ്ദേശ തലത്തിൽ സർക്കാർ നടപ്പിലാക്കുന്ന മിക്ക പദ്ധതികളിലും മികച്ച പ്രവർത്തനം. സ്വന്തമായി ആവിഷ്കരിച്ച നിരവധി വികസന പദ്ധതികളും ആശയങ്ങളുമാണ് ഈ പഞ്ചായത്തിനെ വേറിട്ടതാക്കുന്നത്.

ഒരു ദേശീയ പുരസ്‌കാരം, രണ്ട് സംസ്ഥാന സർക്കാർ പുരസ്‌കാരം, ജില്ലാതല പുരസ്‌കാരങ്ങൾ വേറെ. ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കിയ ഗ്രാമവണ്ടി പദ്ധതിയാണ് കൊല്ലയിൽ ഗ്രാമ പഞ്ചായത്തിന് ദേശീയ പുരസ്കാരം നേടിക്കൊടുത്തത്. ആകാശവാണിയുടെ മികച്ച കാർഷിക ഗ്രാമ പുരസ്‌കാരവും കൊല്ലയിലിന് സ്വന്തം.

ഹരിത കർമ സേനാ അംഗങ്ങൾക്ക് വരുമാനത്തിനുള്ള മറ്റൊരു മാർഗം കൂടി കണ്ടെത്തിയിട്ടുണ്ട് കൊല്ലയിൽ പഞ്ചായത്ത്. ശേഖരിച്ചു കിട്ടുന്ന പാഴ് വസ്തുക്കളിൽ നിന്ന് കരകൗശല വസ്തുക്കളുടെ നിർമ്മാണം. വിറ്റ് കിട്ടുന്ന തുക 33 പേർ അടങ്ങുന്ന സേനാംഗങ്ങൾക്ക് തന്നെ.

സംസ്ഥാന സർക്കാറിന്റെ ഏറ്റവും വിപുലമായ പദ്ധതിയാണ് പച്ചത്തുരുത്ത്. പഞ്ചായത്തിൽ രണ്ട് ഏക്കറിലാണ് പച്ചത്തുരുത്തുകൾ ഒരുക്കിയിരിക്കുന്നത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച രീതിയിൽ മിയോവാക്കി വനവൽക്കരണ പദ്ധതിയും നടപ്പിലാക്കി.

55 ഏക്കറിൽ നെൽ കൃഷി, മോണിംഗ് ആന്റി ഈവനിംഗ് വാക്കിംഗ് സെന്റർ, ബഡ്സ് കുട്ടികൾക്കായി കരകൗശല വസ്തുക്കളുടെ നിർമ്മാണം, ശുചിത്വ മിഷനുമായി ചേർന്നു ഒരു കോടി രൂപ ചിലവിൽ പദ്ധതികൾ, ടേക്ക് എ ബ്രേക്ക്, ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീടുകൾക്ക് സോളാർ പാനൽ, അതുവഴി വരുമാനം, യുവജനങ്ങൾക്കായി ടർഫ് അങ്ങനെ സമഗ്ര മുന്നേറ്റത്തിനായി നടപ്പിലാക്കിയ പദ്ധതികൾ നീളുന്നു.

തുടങ്ങി വെച്ച പദ്ധതികളെല്ലാം വിജയകരമായി നടപ്പിലാക്കുമ്പോഴും ഇനിയും എന്തെല്ലാം നേടിയെടുക്കണം, എവിടെയെല്ലാം മാറ്റങ്ങൾ വേണം എന്നതിനെ കുറിച്ച് കൃത്യമായ ധാരണയും പഞ്ചായത്തിനുണ്ട്. വികസന പദ്ധതികളുമായി മുന്നോട്ടു തന്നെയാണ് കൊല്ലയിൽ ഗ്രാമപഞ്ചായത്തിന്റെ യാത്ര.

SCROLL FOR NEXT