ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. ഡയാലിസിസ് ചെയ്ത രണ്ടുപേർ മരിച്ചത് ആശുപത്രിയിൽ നിന്നും അണിബാധയേറ്റതു കൊണ്ടാണ് എന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. കായംകുളം സ്വദേശി ഓട്ടോ ഡ്രൈവർ മജീദ്, ഹരിപ്പാട് സ്വദേശി പച്ചക്കറി വിൽപ്പനക്കാരനായ രാമചന്ദ്രൻ എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ മാസം 29ന് ഡയാലിസിസ് ചെയ്തുകൊണ്ടിരുന്ന നാലുപേർക്ക് വിറയലും ഛർദിലും അനുഭവപ്പെടുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ആയ ഇവരെ പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
ഡയാലിസിസ് ഉപകരണങ്ങൾ, വെള്ളം എന്നിവ പരിശോധിച്ചെന്നും അവ അണു വിമുക്തമാണെന്ന് കണ്ടെത്തിയെന്നും സൂപ്രണ്ട് അറിയിച്ചു. രോഗികൾക്ക് അണുബാധയേറ്റെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് അടച്ചിട്ടു.
ഹരിപ്പാട് ഡയാലിസിസ് സെൻ്ററിനെതിരെ ഗുരുതര ആരോപണമാണ് മരിച്ച രാമചന്ദ്രൻ്റെ ഭാര്യ ഉന്നയിച്ചത്. വൃത്തിഹീനമായ പശ്ചാത്തലം ആയിരുന്നു ഡയാലിസിസ് സെൻ്ററിനുള്ളിൽ ഉണ്ടായിരുന്നത്. ഹരിപ്പാട് ഗവ. ആശുപത്രിയിലെ ഡോക്ടർമാർ കൃത്യമായി ചികിത്സ നൽകുന്നില്ലെന്നും രാമചന്ദ്രൻ്റെ ഭാര്യ അംബിക ആരോപിച്ചു.
സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് ന്യൂസ് മലയാളത്തോട് പറഞ്ഞു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടിയെന്നും വീണാ ജോർജ് ന്യൂസ് മലയാളത്തോട് പറഞ്ഞു.