KERALA

ആരോഗ്യനില അതീവ ഗുരുതരം; വളർമതിയുടെ ജീവനാണോ സർക്കാർ ആഗ്രഹിക്കുന്നതെന്ന് സമര സമിതി

ട്രിപ്പ് നൽകിയാണ് നിലവിൽ ടീച്ചറുടെ ജീവൻ നിലനിർത്തുന്നത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എൽപിഎസ്ടി നിയമനവുമായി ബന്ധപ്പെട്ട ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന വളർമതി ടീച്ചറുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് സമരസമിതി. ആരോഗ്യനില മോശമായതിനെ തുടർന്ന് ടീച്ചർ ഐസിയുവിൽ തുടരുകയാണ്. നിലവിലെ സ്ഥിതി ഇനിയും തുടരാനാകില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നതെന്ന് സമരസമിതി നേതാവ് ജയകൃഷ്ണൻ പറഞ്ഞു.

ട്രിപ്പ് നൽകിയാണ് നിലവിൽ ടീച്ചറുടെ ജീവൻ നിലനിർത്തുന്നത്. കൈയിൽ നീര് വെച്ചുതുടങ്ങിയതിനാൽ കഴുത്തിലൂടെ ട്രിപ്പ് നൽകേണ്ടിവരുമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. എന്നാൽ നിരാഹാര സമരം തുടരുന്ന സാഹചര്യത്തിൽ കഴുത്തിലൂടെ ട്രിപ്പ് നൽകുന്നത് ഉചിതമല്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്. എന്നിട്ടും നിരാഹാര സമരം അവസാനിപ്പിക്കാൻ വളർമതി തയ്യാറല്ലെന്നും മരണം വരെ സമരം തുടരാനാണ് തീരുമാനമെന്നും സമരസമിതി വ്യക്തമാക്കി.

ഡിവിഷൻ ഫാൾ ഉണ്ടായ സ്കൂളുകളിലെങ്കിലും 1:25 എന്ന അധ്യാപക-വിദ്യാർഥി അനുപാതം നടപ്പാക്കണമെന്നാണ് സമരസമിതിയുടെ പ്രധാന ആവശ്യം. സിസ്റ്റത്തെ തകർക്കാനോ സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കാനോ സമരസമിതി ഉദ്ദേശിക്കുന്നില്ലെന്നും ജയകൃഷ്ണൻ വ്യക്തമാക്കി.സർക്കാരുമായി ചർച്ച നടത്താൻ തയ്യാറാണ്. എന്നാൽ കണ്ണടച്ച് ഇരുട്ടാക്കുന്ന സമീപനം സർക്കാർ അവസാനിപ്പിക്കണം. സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. പൗരന്മാരുടെ ജീവന് സംരക്ഷണം നൽകേണ്ട സർക്കാർ, സമരം ചെയ്യുന്നവരുടെ ജീവന്റെ കാര്യത്തിൽ എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്നും ജയകൃഷ്ണൻ ചോദിച്ചു.

രണ്ട് പെൺകുട്ടികളുടെ അമ്മയായ വളർമതിയുടെ ജീവൻ സർക്കാർ തുലാസിൽ വെച്ച് കളിക്കുകയാണെന്നും സമരസമിതി ആരോപിച്ചു. വളർമതിയുടെ ജീവനാണോ സർക്കാർ ആഗ്രഹിക്കുന്നതെന്ന ചോദ്യവും ജയകൃഷ്ണൻ ഉയർത്തി. പ്രായമായവർ ഉൾപ്പെടെ നിരവധി പേരാണ് ഐക്യദാർഢ്യവുമായി സമരപ്പന്തലിലെത്തുന്നത്. സർക്കാരിന്റെ തീരുമാനം വൈകിയാൽ ഒരു ജീവൻ നഷ്ടപ്പെടുമെന്ന ആശങ്കയും സമരസമിതി പങ്കുവച്ചു.

സമരസമിതി നേതാവ് അർച്ചനയും സർക്കാരിനോട് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ഇനി എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയിലാണ് തങ്ങളെന്നും എല്ലാവർക്കും വേണ്ടിയാണ് വളർമതി സമരം ചെയ്യുന്നതെന്നും അർച്ചന പറഞ്ഞു. എത്രയും വേഗം സർക്കാർ തീരുമാനമെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

വളർമതി ടീച്ചറുടെ ആരോഗ്യനില അതീവ ഗുരുതരമായതിനാലാണ് അടിയന്തരമായി മാധ്യമങ്ങളെ കാണേണ്ടിവന്നത് സമരസമിതി അംഗം ഗീതു പറഞ്ഞു. 11,000 പേർക്ക് വേണ്ടിയാണ് ടീച്ചർ സമരം ചെയ്യുന്നത്. വളർമതിയുടെ ജീവൻ നഷ്ടപ്പെട്ടശേഷം സർക്കാർ നൽകുന്ന ഔദാര്യം തങ്ങൾക്ക് വേണ്ടെന്നും ഗീതു വ്യക്തമാക്കി.

സെക്രട്ടേറിയറ്റിന് മുന്നിൽ നിരവധി സമരങ്ങൾ കണ്ടിട്ടുണ്ടെങ്കിലും തങ്ങൾക്കും ഇത്തരത്തിൽ സമരം ചെയ്യേണ്ടിവരുമെന്ന് കരുതിയിരുന്നില്ലെന്നും സമരസമിതി അംഗങ്ങൾ വൈകാരികമായി പ്രതികരിച്ചു.

SCROLL FOR NEXT