തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഹൃദയശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്ത കമ്പനികളുടെ കുടിശിക തീർക്കാൻ മൂന്നു ദിവസത്തെ സാവകാശംകൂടി തേടി ആരോഗ്യവകുപ്പ്. ബുധനാഴ്ചയ്ക്കകം പണം നൽകാമെന്നാണ് നിലവിലെ ധാരണ. ബുധനാഴ്ചയും പണം കിട്ടിയില്ലെങ്കിൽ ആശുപത്രികളിൽ ശേഷിക്കുന്ന ഉപകരണങ്ങൾ തിരിച്ചെടുക്കാൻ ആണ് വിതരണ കമ്പനികളുടെ തീരുമാനം.
കഴിഞ്ഞദിവസം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായി ഓൺലൈനിൽ യോഗം ചേർന്നപ്പോഴാണ് ആരോഗ്യവകുപ്പ് സമയം ആവശ്യപ്പെട്ടത്. 158.68 കോടി രൂപ കുടിശ്ശിക ആയതിനെ തുടർന്ന് വിതരണ കമ്പനികൾ നിലവിൽ ഉപകരണങ്ങൾ നൽകുന്നില്ല. സ്റ്റോക്കുള്ള ഉപകരണങ്ങൾ കൂടി തിരിച്ചെടുത്താൽ ആശുപത്രികളിലെ ഹൃദയശസ്ത്രക്രിയ അടക്കം നിലയ്ക്കുന്ന ഗുരുതര സാഹചര്യമുണ്ടാകും.