KERALA

വെല്ലുവിളിയാകുന്നത് ജീവിതശൈലി രോഗങ്ങള്‍, അത് മറികടക്കുകയാണ് ലക്ഷ്യം; വൈബ് ഫോര്‍ വെല്‍നസ് ക്യാംപയിനെക്കുറിച്ച് വീണ ജോര്‍ജ്

ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അതിനായി കേരളം ഒന്നിക്കുകയാണെന്നും ആരോഗ്യമന്ത്രി

Author : കവിത രേണുക

കൊച്ചി: ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്ന വൈബ് ഫോര്‍ വെല്‍നെസ് കാലത്തിന് ആവശ്യമായ പദ്ധതിയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ജീവിതശൈലി രോഗങ്ങള്‍ വെല്ലുവിളിയാണെന്നും അത് മറികടക്കുകയാണ് ലക്ഷ്യമെന്നും വീണ ജോര്‍ജ് ന്യൂസ് മലയാളം ലീഡേഴ്‌സ് മോണിങ്ങില്‍ പറഞ്ഞു.

വെെബ് ഫോര്‍ വെല്‍നെസ് പുതിയ തുടക്കമാണ്. ശിശുമരണ നിരക്ക് അടക്കം സൂചികകളില്‍ നമ്മള്‍ മുന്നിലാണ്. എന്നാല്‍ ജീവിത ശൈലി രോഗങ്ങളിലാണ് നമ്മള്‍ വെല്ലുവിളി നേരിടുന്നത്. ആരോഗ്യ കേരളത്തിനായി നമ്മള്‍ ഒന്നിക്കുകയാണ്. ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അതിനായി കേരളം ഒന്നിക്കുകയാണെന്നും എല്ലാവരും അതില്‍ പങ്കാളിയാകണമെന്നും വീണ ജോര്‍ജ് പറഞ്ഞു. ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഇരുപത്തിയൊന്നുകാരിയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നുണ്ട്. ആശുപത്രികളിലെ സംവിധാനങ്ങളും ചികിത്സാ സൗകര്യങ്ങളും മെച്ചപ്പെടുന്നു. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദയമാറ്റ ശസ്ത്രക്രിയ ആരോഗ്യ കേരളത്തിന് ഊര്‍ജ്ജം നല്‍കുന്ന മാറ്റമാണ്.

ഒന്‍പത് വര്‍ഷത്തിനിടെ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടായി. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. ആരോഗ്യ വകുപ്പിനെതിരായ പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തെ കാര്യമാക്കുന്നില്ല. ഒമ്പതര വര്‍ഷം മുന്‍പുള്ള അവസ്ഥയില്‍ അല്ല ഇപ്പോള്‍ കേരളത്തിലെ ആരോഗ്യ മേഖല എന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ആരോഗ്യം ആനന്ദം-വൈബ് ഫോര്‍ വെല്‍നസ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിന്‍ ഇന്ന് രാവിലെ 11.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈബ് ഫോര്‍ വെല്‍നസിലൂടെ നാല് മേഖലകളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്കാണ് തുടക്കമിടുന്നത്.

സംസ്ഥാനത്തെ 5,416 ജനകീയാരോഗ്യ കേന്ദ്രങ്ങളുടെയും, 10,000 യോഗ ക്ലബ്ബുകളുടെയും നേതൃത്വത്തിലാണ് ക്യാംപയിന്‍ സംഘടിപ്പിക്കുന്നത്. സ്ഥിരമായ പ്രവര്‍ത്തനങ്ങളിലൂടെ മുഴുവന്‍ ആളുകള്‍ക്കും ആരോഗ്യ സുസ്ഥിരതയാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

SCROLL FOR NEXT