കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിന് കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവം വിവാദമാകുകയാണ്. മന്ത്രിയുടെ ആരോഗ്യാവസ്ഥ വ്യക്തമാക്കി മെഡിക്കൽ ബോർഡ് റിപ്പോർട്ട് പുറത്തുവിട്ടു. മന്ത്രിക്ക് പെയിൻ പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സയാണ് നൽകിവരുന്നത്. അടിയന്തര ശസ്ത്രക്രിയ വേണ്ടുന്ന സാഹചര്യം ഇല്ലെന്നും ബോർഡ് റിപ്പോർട്ടിൽ പറയുന്നു.
മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതമുണ്ടെന്ന് മെഡിക്കൽ സംഘം പ്രാഥമിക എക്സ്റേ പരിശോധനയിൽ കണ്ടെത്തിയിരുന്നു. എംആർഐ സ്കാൻ, എംആർ ആൻജിയോഗ്രാം റിപ്പോർട്ടുകൾ ബോർഡ് വിലയിരുത്തി. കടുത്ത വേദന കഴുത്തിലെ കശേരുക്കൾക്കിടയിലുള്ള ഡിസ്കുകൾ രണ്ടിടങ്ങളിൽ നാഡീ മൂലാഗ്രങ്ങളിൽ അമർന്നുള്ള സമ്മർദ്ദം കാരണം. മന്ത്രിയെ ഉടൻ ഡിസ്ചാർജ് ചെയ്യില്ല. ഐസിയുവിൽ തന്നെ ചികിത്സ തുടരാനാണ് തീരുമാനം.
മന്ത്രി കണ്ണൂർ റയിൽവേ സ്റ്റേഷനിലേക്ക് എത്തുമ്പോൾ പുറത്ത് യാത്രക്കാരെന്ന മട്ടിൽ പതുങ്ങി നിൽക്കുന്ന പ്രതിഷേധക്കാർ പൊടുന്നനെ കരിങ്കൊടിയുമായി മന്ത്രിക്ക് പിന്നാലെ പായുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധക്കാർ ഓടിയടുക്കുന്നതിനിടെ പൊലീസുകാർ മന്ത്രിക്ക് കവചം തീർക്കുന്നതും, ഉന്തും തള്ളിനുമിടയിൽ ഒരു പൊലീസുകാരൻ്റെ കൈ മന്ത്രിയുടെ കഴുത്തിൽ തട്ടുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.