എറണാകുളം: മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഐസക് ജോർജിന്റെ ഹൃദയം ഇനി അങ്കമാലി സ്വദേശിയായ യുവാവിന്റെ നെഞ്ചിൽ മിടിക്കും. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് എയർ ലിസ്റ്റ് ചെയ്താണ് ഹൃദയം കൊച്ചിയിലെ ലിസി ആശുപത്രിയിൽ എത്തിച്ചത്. ഹൃദയം എത്തി മിനിറ്റുകൾക്കകം ശസ്ത്രക്രിയ ആരംഭിച്ചു.
അവയവം മാറ്റത്തിന് 33 വയസുകാരൻ ഐസക് ജോർജിന്റെ കുടുംബം സമ്മതം അറിയിച്ചു. പിന്നാലെ എല്ലാം വേഗത്തിലായിരുന്നു. ഹൃദയത്തിനായി രജിസ്റ്റർ ചെയ്തു കാത്തുനിന്ന അങ്കമാലി സ്വദേശിയായ 28 കാരനോട് ഇന്നലെ തന്നെ ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ പറഞ്ഞു. ഉച്ചയോടെ കിംസ് ആശുപത്രിയിൽനിന്ന് ഹൃദയം വിമാനത്താവളത്തിൽ എത്തിച്ചു. അവിടെനിന്ന് ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക്. കൊച്ചിയിൽ പറന്നിറങ്ങിയ ഹൃദയം അവിടെ നിന്ന് 5 കിലോമീറ്റർ ഓളം ദൂരം നാലു മിനിറ്റിൽ പൂർത്തിയാക്കി ലിസി ആശുപത്രിയിലെത്തി.
ഹൃദയം അതിവേഗം എറണാകുളം ലിസി ആശുപത്രിയിലെത്തിച്ചതിന്റെ സന്തോഷത്തിലാണ് ആംബുലൻസ് ഡ്രൈവർ റോബിൻ. നാല് മിനിറ്റിലാണ് കൊച്ചി ഗ്രാൻഡ് ഹയാത്തിലെ ഹെലിപാഡിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരമുള്ള ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തി ഒരു വർഷമായെങ്കിലും ഇത്ര നിർണായകമായ ഒരു ദൗത്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമെന്ന് റോബിൻ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
ആശുപത്രിയിൽ എത്തിയ ഉടൻ ശസ്ത്രക്രിയ നടപടികൾ ആരംഭിച്ചു. ലിസി ഹോസ്പിറ്റലിൽ നടക്കുന്ന 29ാമത് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയാണ് ഇന്നത്തേത്. 2025ലെ ആദ്യ ശസ്ത്രക്രിയയും. ഡോക്ടർ ജോസ് ചാക്കോ പെരിയപുറത്തിന്റെയും, ഡോക്ടർ ജോ ജോസഫിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് സർജറി നടത്തുന്നത്. അഞ്ചു മണിക്കൂറിലേറെ നീളുന്ന സങ്കീർണമായ ശസ്ത്രക്രിയയാണ് നടക്കുന്നതെന്ന് ഹോസ്പിറ്റൽ അസിസ്റ്റന്റ് ഡയറക്ടർ പറഞ്ഞു.